play-sharp-fill
കേരളത്തിൽ കോവിഡ് മരണം പതിനാറ് എത്തി: ഉറവിടം എവിടെയെന്നറിയാതെ ആരോഗ്യ വകുപ്പ് അധികൃതർ; തൃശൂരിൽ മരിച്ചയാളുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും

കേരളത്തിൽ കോവിഡ് മരണം പതിനാറ് എത്തി: ഉറവിടം എവിടെയെന്നറിയാതെ ആരോഗ്യ വകുപ്പ് അധികൃതർ; തൃശൂരിൽ മരിച്ചയാളുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും

തേർഡ് ഐ ബ്യൂറോ

തൃശൂർ: കർശന നിയന്ത്രണങ്ങളിൽ നിന്നും ഇളവുകളിലേയ്ക്കു കേരളം കടന്നെങ്കിലും, കൊറോണ നിയന്ത്രണ വിധേയമായിട്ടില്ലെന്നു വ്യക്തമാകുന്നു. ഒന്നോ രണ്ടോ കൊറോണ മരണം മാത്രമുണ്ടായിരുന്ന സ്ഥലത്തു നീന്നും ചുരുങ്ങിയ കാലം കൊണ്ടു കേരളത്തിലെ മരണസംഖ്യ പതിനാറിൽ എത്തി.


ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം തൃശൂരിൽ ഒരാൾ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ പതിനാറിൽ എത്തിയത്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരനാണ് മരിച്ചത്. 87 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസംമുട്ടലിനെ തുടർന്ന് കഴിഞ്ഞ ദിവസം കുമാരനെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ തന്നെ സ്രവം പരിശോധനക്ക് അയച്ചു. ഫലം വന്നതോടെ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ന്യുമോണിയ ബാധിതനായ കുമാരനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉടനെ മരണം സംഭവിച്ചു.

ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. മുൻപ് യാത്രകൾ നടത്തുകയോ കൂടുതൽ ആളുകളുമായി സമ്ബർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. സാഹചര്യം കണക്കിലെടുത്ത് തൃശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിലെ ഡോക്ടർമാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കി.

ആദ്യം ചികിത്സ തേടിയെത്തിയ ചേറ്റുവയിലെ ആശുപത്രിയിൽ ഇദ്ദേഹവുമായി സമ്ബർക്കത്തിലേർപ്പെട്ടവരെക്കുറിച്ച് ആരോഗ്യവകുപ്പ് പട്ടിക തയ്യാറാക്കുന്നുണ്ട്. രോഗ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു.