play-sharp-fill
കോവിഡ് കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നു: ആശങ്കകൾക്കിടെ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; അനാവശ്യ യാത്രകൾ വേണ്ട; തുറക്കുന്നത് അത്യാവശ്യ കടകൾ മാത്രം

കോവിഡ് കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നു: ആശങ്കകൾക്കിടെ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; അനാവശ്യ യാത്രകൾ വേണ്ട; തുറക്കുന്നത് അത്യാവശ്യ കടകൾ മാത്രം

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് കേസുകൾ നൂറുകടന്ന ആഴ്ചയിൽ ആദ്യത്തെ ഞായറാഴ്ച ലോക്ക് ഡൗൺ എത്തി. കോവിഡ് കേസുകളിൽ സ്ഥിതി ഗതികൾ അതീവ സങ്കീർണ്ണമായ ആഴ്ചയിലാണ് ഇപ്പോൾ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ എത്തിയിരിക്കുന്നത്.


സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്നു ഇന്ന് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുളളൂ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുളള ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും യാത്ര ഇളവുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാൻ-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാൻ-1, അയർലാന്റ്-1) 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-15, ഡൽഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേർക്കും മലപ്പുറം ജില്ലയിലെ 2 പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്ബർക്കത്തിലൂടെ രോഗമുണ്ടായത്.

അതേസമയം, രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേരുടെയും (6 എയർ ഇന്ത്യ ജീവനക്കാർ), എറണാകുളം ജില്ലയിൽ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികൾ), കണ്ണൂർ ജില്ലയിൽ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 762 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.