
പാലക്കാട് ഗർഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയത് തേങ്ങയിൽ പടക്കം നിറച്ച്: കേസിലെ പ്രധാന പ്രതി അറസ്റ്റിൽ; പിടിയിലാകാൻ ഇനി രണ്ടു പേർ കൂടി
സ്വന്തം ലേഖകൻ
പാലക്കാട്: കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു നിറച്ച് വച്ചത് പൈനാപ്പിളിൽ അല്ല , തേങ്ങയിലെന്ന് പ്രതിയുടെ കുറ്റ സമ്മത മൊഴി. പിടിയിലായ വില്‍സനാണ് ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. തേങ്ങയ്ക്കുള്ളിൽ വെടിമരുന്ന് നിറച്ചാണ് പ്രതി ക്രൂരത നടപ്പാക്കിയതെന്നും വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തുന്ന സംഘത്തോട് അറസ്റ്റിലായ വില്സന് ഇക്കാര്യം സമ്മതിച്ചു. ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമാണ് വില്സന്. അമ്പലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു ഇയാള്‍.
ഇയാളാണ് സ്ഫോടക വസ്തു നിര്‍മിച്ച് നല്‍കിയത്. ഇതുപയോഗിച്ചത് ഇനി പിടിയിലാകാനുള്ള രണ്ടു പ്രതികളാണെന്നും വില്‍സണ്‍ പറയുന്നു. ഇവര്‍ ഭൂഉടമകളായ ഒരു പിതാവും മകനുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടക്കം തയാറാക്കിയ മറ്റ് രണ്ട് പേര്‍ക്ക് കൂടി കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാല്‍ ഇവര്‍ക്കായി അന്വേഷണം തുടങ്ങി. കൃഷിയിടങ്ങളില്‍ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവന് അപകടത്തിലാക്കിയതെന്നാണ് വിവരം.തേങ്ങ നെടുകെ കീറി സ്ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം നിര്‍മിച്ചതെന്ന് പിടിയിലായ വില്‍സണ്‍ സമ്മതിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കൃഷി ചെയ്തിരുന്നന്ന ഇവര്‍ പന്നികളെ വേട്ടയാടി വില്പന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന സൂചന.
നേരത്തെയും ഇവര്‍ വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളില്‍ ചാടിച്ചുമെല്ലാം പന്നികളെ പിടികൂടിയിട്ടുണ്ടത്രെ. മുഖ്യ പ്രതികള്‍ രണ്ടു പേരും ഒളിവിലാണെന്നാണ് വിവരം. കാര്യങ്ങള്‍ കൈവിട്ടു പോയ സാഹചര്യത്തില്‍ ഇരുവരും ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങുമെന്നാണു കരുതുന്നത്.
സാധാരണ ഗതിയില്‍ ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്.
ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കുന്നതിന് വനംവകുപ്പ് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ കഴമ്ബില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.
കഴിഞ്ഞ മാസം 27 നാണ് വെള്ളിയാര്‍ പുഴയില്‍ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളില്‍ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം.