
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു: 86 പേർക്കു കൂടി രോഗ ബാധ; കോട്ടയത്ത് ആറു പേർക്ക് കൊറോണ; ഏഴു പേർ രോഗ വിമുക്തരായി
തേർഡ് ഐ ബ്യൂറോ
തിരുവന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മറ്റൊരാൾ കൂടി മരിച്ചു. ഗുരുതരമായ ശ്വാസകോശ രോഗബാധയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കൊറോണ സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശിയായ ഫാ.കെ.ജി വർഗീലസിനാണ് (77) രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 11 ആയി.
സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും (ഒരാൾ മരണമടഞ്ഞു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ 46 പേർ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തർ-1, ഒമാൻ-1) 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-9, തമിഴ്നാട്-7, കർണാടക-5, ഡൽഹി-3, ഗുജറാത്ത്-1, രാജസ്ഥാൻ-1) നിന്നും വന്നതാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേർക്കും മലപ്പുറം ജില്ലയിലെ 4 പേർക്കും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വിതവുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.
ഇതിൽ ഗുരുതര ശ്വാസകോശ രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസിന് (77) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 25,832 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയിൽവേ വഴി 10,318 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,45,670 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1340 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 15,101 സാമ്പിളുകൾ ശേഖരിച്ചതിൽ 13,908 സാമ്പിളുകൾ നെഗറ്റീവ് ആയി.
ഇന്ന് പുതുതായി ഒരു ഹോട്ട് സ്പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്പോട്ട്. നിലവിൽ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഏഴു പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ദുബായിൽനിന്നെത്തിയ ചങ്ങനാശേരി നാലുകോടി സ്വദേശി(79), ഇദ്ദേഹത്തിൻറെ ഭാര്യ(71), ഇവരുടെ ബന്ധു(30), ദുബായിൽനിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ ദന്തഡോക്ടർ(28), ചെന്നൈയിൽനിന്നെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24), നേരത്തെ രോഗമുക്തയായ മീനടം സ്വദേശിനിയുടെ പിതാവ് (58), ദുബായിൽനിന്നെത്തിയ വൈക്കം ഇരുമ്പൂഴിക്കര സ്വദേശി(37) എന്നിവർക്കാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 34 ആയി.
ജില്ലയിൽ വിദേശത്തുനിന്നെത്തിയ ആറു പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേരും കോട്ടയം കളത്തിപ്പടിയിലെ ക്വാറൻറയിൻ കേന്ദ്രത്തിലും ഒരാൾ ഹോം ക്വാറൻറയിനിലും കഴിയുകയായിരുന്നു. ആരിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.
ഇവരിൽ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(36), മാഞ്ഞൂർ സ്വദേശിനി(32), എരുമേലി സ്വദേശിനി(31), പനച്ചിക്കാട് സ്വദേശിനി(30) എന്നിവർ മെയ് 26ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയവരാണ്. ഇവർക്കും മെയ് 27ന് കുവൈറ്റിൽനിന്നെത്തിയ കോട്ടയം പരിയാരം സ്വദേശിനിയായ നഴ്‌സിനു(27)മാണ് ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിയവെ രോഗം സ്ഥിരീകരിച്ചത്. ദുബായിൽനിന്നെത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ഇടയിരിക്കപ്പുഴ സ്വദേശിയായ 82 കാരനാണ് രോഗം ബാധിച്ച ആറാമത്തെയാൾ. പരിയാരം സ്വദേശിനി അഞ്ചു മാസം ഗർഭിണിയാണ്.
പുതിയതായി രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ നിലവിൽ 16 പേരാണ് ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിലുള്ളത്. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു