താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയുടെ കൊലപാതകം: വീട്ടമ്മയുടെയും ഭർത്താവിന്റെയും മൊബൈൽ ഫോൺ കണ്ടെത്താനായില്ല; ഷീബയുടെ തല ഭാരമേറിയ മൂർച്ചയില്ലാത്ത ആയുധം കൊണ്ട് അടിച്ചു പൊളിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൊലപാതകത്തിന് പിന്നിൽ കുടുംബവുമായി അടുപ്പമുള്ളവരെന്നും സൂചന
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നിൽ കുടുംബവുമായി അടുപ്പമുള്ളവർ തന്നെയെന്നു പൊലീസിനു വ്യക്തമായ സൂചന. കൊല്ലപ്പെട്ട ഷീബയെ തലയ്ക്കടിച്ചു വീഴ്ത്തി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്. ഇവരുടെ തലയ്്ക്ക് മൂർച്ചയില്ലാത്ത ഭാരമേറിയ ആയുധം ഉപയോഗിച്ച് തലയ്ക്കു അടിക്കുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഷീബയുടെ തലയിലേറ്റ അടിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഇവരുടെ തലയിലേറ്റ അടിയിൽ തലച്ചോറ് അടക്കം ഉള്ളിൽ ചിതറി രക്തം ചെവിയിലൂടെയും മൂക്കിലൂടെയും ഒഴുകുകയായിരുന്നു. ഇത്തരത്തിൽ രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബ (60), ഭർത്താവ് സാലി (65) എന്നിവരെയാണ് അക്രമി സംഘം ക്രൂരമായി ആക്രമിച്ചു വീഴ്ത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന ഷീബ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോകും വഴി മരിച്ചു. ഇവരുടെ ഭർത്താവ് സാലിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ നാലരയോടെയാണ് ഇവരെ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷീബയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. ഷീബയുടെ തലയ്ക്കു മാരകമായി അടികിട്ടിയതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പുറത്ത് മുറിവില്ലെങ്കിലും, തലയോട് പൊട്ടിയ ശേഷം ആന്തരിക രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഭർത്താവ് മുഹമ്മദ് സാലിയുടെ തലയ്ക്കും മൂക്കിനും മാരകമായി പരിക്കേറ്റിട്ടുണ്ട്.
ഇരുവരുടെയും മൊബൈൽ ഫോണുകൾ കാണാനില്ലെന്നു പൊലീസ് കണ്ടെത്തയിട്ടുണ്ട്. ഇതിൽ ഒരു മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ഇല്ലിക്കൽ തന്നെയാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ഇവരുമായി അടുത്ത ബന്ധുക്കൾ തന്നെയന്ന സൂചനയിൽ തന്നെയാണ് പൊലീസ്. പരിചയമില്ലാത്തവർ വീട്ടിലെത്തിയാൽ ഇവർ വീടിന്റെ വാതിൽ തുറന്നു നൽകില്ല. ജനലിലൂടെ നോക്കി ആളുകൾ ആരാണ് എന്നു ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് ഇവർ വാതിൽ തുറന്നു നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ വീടുമായി അടുപ്പമുള്ള ആരെങ്കിലും എത്തിയെങ്കിൽ മാത്രമേ വാതിൽ തുറന്നു നൽകൂ എന്നു അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വീട്ടിൽ സംഭവം നടന്ന തിങ്കളാഴ്ച രാവിലെ എത്തിയത് ആരെന്നാണ് പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.