ആകെ പൊല്ലാപ്പായി ബിവ് ക്യൂ ആപ്പ്: തെറിവിളി സഹിക്കാനാവാതെ ഫെയ്സ്ബുക്ക് പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു ഫെയർകോഡ്; ആപ്പിൽ ബിവറേജുകളൊന്നും ലഭിക്കുന്നില്ലെന്ന് പരാതി; ബുക്ക് ചെയ്താൽ ലഭിക്കുന്നത് ബാറുകൾ മാത്രം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലോക്ക് ഡൗണിനു ശേഷം മദ്യവിൽപ്പന പുനരാരംഭിക്കുമ്പോൾ, ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾക്കു മുന്നിലെ ക്യൂ നിയന്ത്രിക്കാൻ സർക്കാർ നിർമ്മിച്ച ആപ്പ് പൊല്ലാപ്പായി. ആപ്പ് വഴിയുള്ള ബുക്കിങ് നടക്കാതെ വരികയും, ഒടിപി ലഭിക്കാതെ വരികയും ചെയ്തതോടെ ഉപഭോക്താക്കൾ ഫെയർകോഡിന്റെ ഫെയ്സ്ബുക്ക് പേജിൽ കൂട്ട അസഭ്യവുമായി എത്തി. ഇതോടെ, ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് ഫെയർകോഡ് കമ്പനി കമ്പനി രക്ഷപെട്ടു.
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തെ മദ്യവിൽപ്പന പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്. ഇതിനായി കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസ് എന്ന കമ്പനി വഴി ബിവ് ക്യൂ എന്ന ആപ്ലിക്കേഷനും തയ്യാറാക്കി. എന്നാൽ, ആപ്ലിക്കേഷൻ രംഗത്ത് എത്തിയതോടെ വ്യാപക പരാതിയാണ് ഉടലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതികൾ ഇങ്ങനെ
1. ആപ്പ് ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്ത് കണ്ടെത്താൻ സാധിക്കുന്നില്ല.
2. ലിങ്ക് വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്താലും ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ഒറ്റത്തവണ പാസ് വേഡ് ലഭിക്കുന്നില്ല.
3. ഇഷ്ടമുള്ളതും അടുത്തുള്ളതുമായ ബാറുകളിലും ബിവറേജുകളിലും എത്തി മദ്യം വാങ്ങാൻ സാധിക്കുന്നില്ല.
4. ബാറുകളിലേയ്ക്കു മാത്രമാണ് കൂടുതൽ ആളുകൾക്കു ടോക്കൺ ലഭിക്കുന്നത്. ബിവറേജുകൾ കാലിയായി കിടക്കുന്നു.
5. ബാറുകളിൽ ആവശ്യത്തിന് മദ്യം സ്റ്റോക്ക് ഇല്ല.
കോട്ടയം കഞ്ഞിക്കുഴിയിലെ പ്രിൻസ് ബാറിനെതിരെ ഉയർന്ന പരാതി ഇവിടെ നിന്നും മദ്യം വാങ്ങുന്നവർക്കു ബിൽ നൽകുന്നില്ലെന്നതാണ്. കമ്പ്യൂട്ടർ രജിസ്റ്റർ ചെയ്ത ബില്ലിനു പകരം വെള്ളപ്പേപ്പറിൽ എഴുതിയ ബില്ലാണ് ഇവിടെ നൽകിയത്. ഇത്തരത്തിൽ ബല ബാറുകളെയുംപ്പറ്റി വ്യാപകമായ പരാതിയും ഉയർന്നിട്ടുണ്ട്.
ഇതിനിടെ ആപ്ലിക്കേഷൻ കൃത്യമായി പ്രവർത്തിക്കാതെ വന്നതോടെ പലരും ഫെയർ കോഡ് കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിൽ അസഭ്യവും പരാതിയുമായി രംഗത്ത് എത്തി. ഇത്തരത്തിൽ പരാതി പറഞ്ഞവരോടെല്ലാം യാതൊരു മറുപടിയും നൽകാൻ ഫെയർകോഡ് തയ്യാറായിട്ടില്ല. വൻക്രമീകരണങ്ങളുമായി രംഗത്ത് എത്തുമെന്ന പ്രഖ്യാപിച്ച് കമ്പനി ആദ്യദിനം തന്നെ പൊളിഞ്ഞതാണ് ഇപ്പോൽ വ്യക്തമാകുന്നത്.