കൊറോണക്കാലത്ത് ഐസൊലേഷൻ വാർഡിലിരിക്കുമ്പോൾ ശ്വേത ആ പൊലീസുകാരനിൽ കണ്ടത് സ്വന്തം സഹോദരനെ..! കാൽനൂറ്റാണ്ടിന്റെ കാക്കിക്കുപ്പായ പരിചയസമ്പത്തുമായി ഗോപകുമാർ ശ്വേതയ്ക്കും കുഞ്ഞിനും കരുതലായി; ശ്വേതയുടെ ഇ മെയിൽ ഗോപകുമാറിന് സമ്മാനിച്ചത് ഒരു കുഞ്ഞു സമ്മാനം..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം ജില്ലാ പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരിലെ മികച്ച ഉദ്യോഗസ്ഥനായ എസ്.ഐ ഗോപകുമാറിനെ തേടിയെത്തിയത് അപ്രതീക്ഷിതമായുള്ള സമ്മാനം. കൊറോണ ബാധിതയും ഗർഭിണിയുമായ യുവതിയ്ക്കും കുടുംബത്തിനും പൊലീസ് എന്നാൽ സഹോദരതുല്യർ തന്നെയാണ് എന്ന തിരിച്ചറിവു നൽകിയതിനുള്ള സമ്മാനമാണ് എസ്.ഐ ഗോപകുമാറിനെ തേടി എത്തിയത്. കൊറോണയുടെ പിടിയിൽ നിന്നും രക്ഷപെട്ട യുവതിയുടെ ഇമെയിൽ വഴി ഗോപകുമാറിനെ തേടിയെത്തിയത് സംസ്ഥാന പൊലീസ് മേധാവിയുടെ ഗുഡ് സർവീസ് എൻട്രിയാണ്.
കൊറോണയും ലോക്ക് ഡൗണും കത്തി നിൽക്കുന്ന സമയം. ഓരോ ദിവസവും കേസുകളുടെ എണ്ണം വർദ്ധിച്ച് കോട്ടയം ചുവപ്പ് സോണിന്റെ മധ്യത്തിൽ തന്നെ നിൽക്കുന്ന ദിവസങ്ങൾ. ആശങ്കയുടെ നിമിഷങ്ങൾ അതിന്റെ എല്ലാ സീമയും ലംഘിച്ചിരിക്കുന്നു. ഈ സമയത്താണ് ബംഗളൂരുവിൽ ജോലി ചെയ്യുന്ന കഞ്ഞിക്കുഴി സ്വദേശിയായ ശ്വേത എന്ന ഗർഭിണിയായ യുവതി, തന്റെ പ്രസവത്തിനായി ബംഗളൂരുവിൽ നിന്നും കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിലേയ്ക്കു എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രിൽ 24 നാണ് ഇവർ കഞ്ഞിക്കുഴിയിൽ എത്തുന്നത്. തുടർന്നു നടത്തിയ കോവിഡ് പരിശോധനയിൽ ശ്വേത കോവിഡ് പോസ്റ്റീവാണ് എന്നു കണ്ടെത്തി. തന്റെ ആരോഗ്യത്തേക്കാൾ കുഞ്ഞിന്റെ ജീവനിലുള്ള ആശങ്കയായിരുന്നു ശ്വേതയുടെ മനസ് നിറയെ. ആശങ്ക നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ നാലു ദിവസം ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്നു കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചതോടെ ഇവർ ആശുപത്രി വിടുകയും ചെയ്തു.
കോവിഡിന്റെ പതിവ് അന്വേഷണങ്ങളുടെയും ക്രമീകരണങ്ങളുടേയും ഭാഗമായാണ് ഈ സമയത്ത് സ്പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ ഗോപകുമാർ ശ്വേതയെ ഫോണിൽ ബന്ധപ്പെടുന്നത്. ഫോണിലൂടെ മാത്രമായിരുന്നു ഗോപകുമാറിന് ഇവരെ പരിചയം. അതും പതിവ് ജോലിയുടെ ഭാഗമായുള്ള ബന്ധം. എന്നാൽ, ഒരു ഘട്ടത്തിൽ പോലും അധികാരത്തിന്റെ ഹുങ്ക് കാണിക്കാതെ, ഒരു കൂടെപ്പിറപ്പിനേ പോലെ ഗോപകുമാർ ശ്വേതയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ചേർന്നു നിന്നു.
ആവശ്യമുള്ള അവസരങ്ങളിലെല്ലാം നിർദേശങ്ങളും, സഹകരണങ്ങളും പിൻതുണയുമായി അദ്ദേഹം ഒപ്പം നിന്നു. പൊലീസ് എന്ന തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിക്കുകയായിരുന്നു ഗോപകുമാറിന്റെ ഇടപെടലുകൾ. അതുകൊണ്ടു തന്നെയാണ് ഗോപകുമാറിനെ പ്രകീർത്തിച്ച് സംസ്ഥാന പൊലീസ് മേധാവിയ്ക്കു ഇമെയിൽ അയച്ചത്. ഇതിന്റെ പേരിൽ ഇത്തരം ഒരു അംഗീകാരം അദ്ദേഹത്തിന് ലഭിച്ചതിൽ സന്തോഷമുണ്ട്. ഇതിനു ഞാൻ തന്നെ നിമിത്തമായത് അതിലേറെ സന്തോഷം നൽകുന്നു – ശ്വേത പറഞ്ഞു.
26 വർഷത്തെ സർവീസിനിടെ ലഭിച്ച സന്തോഷത്തെ ജോലിയുടെ ഭാഗമായി മാത്രം കാണാനാണ് തനിക്ക് താല്പര്യമെന്നു വൈക്കം സ്വദേശിയും പൊലീസ് ക്വാർട്ടേഴ്സിനെ താമസക്കാരനുമായ ബി.ഗോപകുമാർ പറയുന്നു. കൊവിഡ് കാലത്ത് നന്മയുടെ പൊലീസ് മുഖമായി ഗോപകുമാർ മാറി.