കൊട്ടിയത്ത് ഓട്ടോറിക്ഷയിൽ , കാർ ഇടിപ്പിച്ച കേസിൽ കുടുങ്ങിയ കറുകച്ചാൽ സിഐ സ്‌റ്റേഷനിൽ നിന്നും മുങ്ങിയത് അവധി എടുക്കാതെ: സ്റ്റേഷനിൽ ഇല്ലെങ്കിലും ഹാജർ ബുക്കിലും, ജിഡിയിൽ പേരുണ്ട്; സർവത്ര കൃത്രിമം നടത്തിയ സിഐ തെറിച്ചേക്കും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ നിന്നും കൊട്ടിയം വരെ രണ്ടര കിലോമീറ്ററോളം ദൂരം റോഡ് റേസിംങ് ട്രാക്കാക്കി മാറ്റിയ കറുകച്ചാൽ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.സലിം കറുകച്ചാലിൽ നിന്നും മുങ്ങിയത് അവധിയെടുക്കാതെ. ഒരു ദിവസം അവധി രേഖപ്പെടുത്തിയ ശേഷം സലിം രണ്ടു ദിവസം അനൗദ്യോഗിക അവധി രേഖപ്പെടുത്തിയ ശേഷമാണ് കൊട്ടിയത്ത് എത്തിയതെന്നു തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ചാത്തന്നൂർ പൊലീസ് കേസെടുത്തെങ്കിലും സലിം ഇപ്പോഴും ഒളിവിലാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനുമാണ് സലിമിനും രണ്ടു സുഹൃത്തുക്കൾക്കും എതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം  രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ദേശീയ പാതയിലൂടെ കൊട്ടിയം ഭാഗത്തേയ്ക്കു കാറിൽ വരികയായിരുന്നു സലിമും സുഹൃത്തുക്കളും. ഇവർ സഞ്ചരിച്ച കാർ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് ഒരു ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇതിനു ശേഷം സംഭവ സ്ഥലത്തു നിന്നും അമിത വേഗത്തിൽ സലിം വാഹനം ഓടിച്ചു പോകുകയായിരുന്നു.

തുടർന്നു രണ്ടു കിലോമീറ്റർ ദൂരെ കൺട്രോൾ റൂം പോലീസ് വാഹനം തടഞ്ഞു. സ്ഥലത്ത് എത്തിയ ചാത്തന്നൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസറും, ഇൻസ്‌പെക്ടർ സലിമും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇവിടെ നിന്നും വാഹനം എടുത്ത് രക്ഷപെട്ടു പോകുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം ഇദ്ദേഹത്തിനെതിരെ പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയത് ജാമ്യം ലഭിക്കാത്ത വകുപ്പുകൾ അടക്കമുള്ളവ ചുമത്തി കേസെടുത്തു.

തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സലിം രണ്ടു ദിവസമായി അനധികൃതമായി അവധിയിലായിരുന്നു എന്നു കണ്ടെത്തിയത്. ഒരു ദിവസത്തെ അവധിയ്ക്കാണ് ജില്ലാ പൊലീസ് മേധാവി സലിമിനു അനുവാദം നൽകിയിരുന്നത്. എന്നാൽ, ഈ അനുവാദത്തിന്റെ മറവിൽ അനധികൃതമായി രണ്ടു ദിവസം കൂടി മുങ്ങുകയായിരുന്നു. ഇത് കൂടാതെ കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ ജിഡി ബുക്കിൽ ഇദ്ദേഹം ഡ്യൂട്ടിയ്ക്ക് എത്തിയതായി രേഖപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം അക്ഷരാർത്ഥത്തിൽ പൊലീസ് വകുപ്പിനെ തന്നെ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ്.