
കൊറോണക്കാലത്ത് രണ്ട് മാസമായി ശമ്പളമില്ലാതെ 108 ആംബുലൻസ് ഡ്രൈവർമാർ ദുരിതത്തിൽ ; സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണക്കാലത്ത് രാപ്പകലില്ലാതെ ജോലി ചെയ്തിട്ടും സംസ്ഥാനത്തെ 108 ആംബുലൻസ് ഡ്രൈവർമാർ ശമ്പളമില്ലാതെ ദുരിതത്തിലാണ്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം,തൃശൂർ തുടങ്ങിയ ജില്ലകളിലായി 315 ആംബുലൻസുകളാണ് ഉള്ളത്.
ശമ്പളം ലഭിക്കാതായതോടെ ഇവരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. ഇതോടെ ദീർഘകാല അവധിയെടുക്കാനും ഡ്യൂട്ടി അവസാനിപ്പിക്കാനും ചിലർ തീരുമാനിച്ചത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനത്താവളങ്ങൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ നിന്ന് കൊവിഡ് രോഗലക്ഷണമുള്ളവരെ ആശുപത്രിയിലും രോഗം ഭേദമാകുന്നവരെ വീടുകളിലുമെത്തിക്കാൻ 108 ആംബുലൻസുകളാണ് ഉപയോഗിക്കുന്നത്.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതോടെ വിശ്രമിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയിലാണ് 108 ജീവനക്കാർ. ഡ്രൈവറും നഴ്‌സുമാണ് 108ൽ ഡ്യൂട്ടിയിലുള്ളത്. സർക്കാരിൽ നിന്ന് ഫണ്ട് കിട്ടാത്തതാണ് വേതനം വൈകാൻ കാരണമെന്ന് പറയുന്നു. മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്ക് ജീവനക്കാർ പരാതി നൽകി രണ്ട് ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭ്യമാക്കാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.