
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ്-19 മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവച്ചിരുന്ന വിവിധ സേവനങ്ങൾ മോട്ടോർ വാഹന വകുപ്പിൻറെ കോട്ടയം ജില്ലയിലെ ഓഫീസുകളിൽ ഇ-ടോക്കൺ സംവിധാനത്തോടെ മെയ് 25 ന് പുനരാരംഭിക്കും.
ഫിറ്റ്‌നെസ് ടെസ്റ്റ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കൽ, ഓൾട്ടറേഷൻ എന്നിവയ്ക്കായുള്ള പരിശോധനകൾ, വാഹനവും ലൈസൻസുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളുമാണ് ജനത്തിരക്ക് ഒഴിവാക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങളോടെ ലഭ്യമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വകുപ്പിൻറെ വെബ്‌സൈറ്റിൽ(www.mvd.kerala.gov.in) ഇ-ടോക്കൺ സംവിധാനത്തിലൂടെ സേവനത്തിനായി എത്തേണ്ട തീയതിയും സമയവും തിരഞ്ഞെടുത്തശേഷം നിശ്ചിത സമയത്തുതന്നെ വാഹനവുമായി എത്തണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ വി.എം. ചാക്കോ അറിയിച്ചു.
കോട്ടയം ആർ.ടി. ഓഫീസിൻറെ പരിധിയിൽ വരുന്ന വാഹനങ്ങൾ ഗാന്ധിനഗർ മെഡിക്കൽ കോളേജ് ഗൈനക്കോളജി ബ്ലോക്കിന് സമീപം ബാബു ചാഴികാടൻ റോഡിലാണ് പരിശോധനയ്ക്കായി ഹാജരാക്കേണ്ടത്. വാഹനവുമായി ഉടമയോ ഡ്രൈവറോ ആരെങ്കിലും ഒരാളെ മാത്രമേ പരിശോധനാ സ്ഥലത്തേക്ക് പ്രവേശിപ്പിക്കൂ.
വാഹനവും ലൈസൻസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ ലഭ്യമല്ലാത്ത സേവനങ്ങൾക്കായുള്ള അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കുന്നതിനും ഈ-ടോക്കൺ സംവിധാനം പ്രയോജനപ്പെടുത്തണം.
ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ട്, പണം അടച്ച രസീത്, സേവനം കഴിഞ്ഞ് രേഖ ലഭിക്കുന്നതിനുള്ള സ്വന്തം മേൽവിലാസമെഴുതി 42 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ എന്നിവ ഇതിനായി ക്രമീകരിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കണം.ഇങ്ങനെ സമർപ്പിക്കുന്ന അപേക്ഷകളിൽ അപേക്ഷകരുടെ ഫോൺ നമ്പർ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകർ കോവിഡ്-19 പ്രതിരോധത്തിനായുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. ഫിറ്റ്‌നെസ് ടെസ്റ്റിന് കൊണ്ടുവരുന്ന വാഹനങ്ങളുടെ അസ്സൽ രേഖകൾക്കൊപ്പം പുക പരിശോധനാ സർട്ടിഫിക്കറ്റിൻറെ പകർപ്പ് ഹാജരാക്കണം. വാഹനത്തിന് സ്പീഡ് ഗവർണർ ഉണ്ടെങ്കിൽ അതിൻറെ രേഖകളുടെയും ജി.പി.എസ് വേണ്ടവയ്ക്ക് ജി.പി.എസ് ഘടിപ്പിച്ച ടെമ്പററി ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റിൻറെയും പകർപ്പുകൾ നൽകണം.