ആശുപത്രിയും വെള്ളത്തിനടിയിൽ; നെല്ലിയാമ്പതിയിലേയ്ക്ക് വന്ന ജീപ്പ് വെള്ളത്തിൽമുങ്ങി:യാത്രക്കാർ നീന്തി രക്ഷപ്പെട്ടു: ടൂറിസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തി
ബാലചന്ദ്രൻ
നെല്ലിയാമ്പതി: കനത്തമഴയെ തുടർന്ന് മലയോരമേഖലയിൽ ഇന്നും ഗതാഗതം തടസപ്പെട്ടു. നൂറടി ആയുർവേദാശുപത്രിയിലും കുടുംബക്ഷേമകേന്ദ്രത്തിലും അംഗനവാടിയിലും കൂടാതെ പരിസരത്തുള്ള വീടുകളിലും ഒരാൾ പൊക്കത്തിൽ വെളളം കയറി. പാടഗിരി പോലീസ് സ്റ്റേഷനു സമീപം ജീപ്പ് വെള്ളത്തിൽ മുങ്ങി. യാത്രക്കാർ നീന്തിരക്ഷപ്പെടുകയായിരുന്നു. പാടഗിരിയിലൂടെ നെല്ലിയാമ്പതിയിലേയ്ക്ക് വന്ന ജീപ്പാണ് വെള്ളക്കെട്ടിൽ മുങ്ങിയത്. ജീപ്പ് ഡ്രൈവർ പൊന്നുമണി, ബ്ലോക്ക്് പഞ്ചായത്ത് അംഗം ഷീല ഷാജി, രാജാക്കാട് നിവാസി പുഷ്പരാജ് എന്നിവർ നീന്തി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയെ തുടർന്ന് കാട്ടാനക്കൂട്ടം മണിക്കൂറോളം കൈകാട്ടി അയ്യപ്പൻ ക്ഷേത്രത്തിന് മുന്നിൽ നിലയുറപ്പിച്ചു. നൂറടി പ്രദേശത്ത് പുഴയിൽ വെള്ളം കവിഞ്ഞതോടെയാണ് അടുത്തുള്ള ആയൂർവേദ ആശുപത്രി, സബ് സെന്റർ, അംഗനവാടി, പുഴയോരത്തെ വീടുകൾ എന്നിവിടങ്ങളിൽ വെള്ളം കയറിയത്. രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടർന്ന് നെല്ലിയാമ്ബതിയിൽ ടൂറിസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തി.