
തേർഡ് ഐ ബ്യൂറോ
റാഞ്ചി: കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ മദ്യ ഉപഭോക്താക്കൾ ആകാംഷയോടെ കാത്തിരിക്കുകയാണ്. മദ്യം വാങ്ങാൻ ക്യൂ നിൽക്കാനുള്ള ആപ്ലിക്കേഷൻ ഇന്നു വരും നാളെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് മദ്യ ഉപഭോക്താക്കൾ. എന്നാൽ, ഒരാഴ്ചയായിട്ടും ഇതുവരെയും കേരളത്തിലെ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമായിട്ടില്ല. ഇതിനിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ നാട്ടിൽ നിന്നും കേരളത്തിലേയ്ക്കു വാർത്ത എത്തുന്നത്.
ധോണിയുടെ സ്വന്തം നാടായ റാഞ്ചി ഉൾപ്പെടുന്ന ജാർഖണ്ഡിൽ സ്വിഗ്ഗിയും സൊമാറ്റോയും മദ്യവിതരണം ആരംഭിച്ചതായ വാർത്തയാണ് ഇപ്പോൾ കേരളത്തെ ഞെട്ടിച്ച് പുറത്ത് എത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് റാഞ്ചിയിൽ മദ്യ വിതരണം തുടങ്ങിയത്. ഇത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വിഗ്ഗി വഴി മദ്യം ഓർഡർ ചെയ്യുന്നതിന്, കമ്പനി ആപ്ലിക്കേഷനിൽ ‘വൈൻ ഷോപ്പുകൾ’ എന്ന പ്രത്യേക വിഭാഗം ചേർത്തിട്ടുണ്ട്. അതേസമയം സൊമാറ്റോയും ഒരു പുതിയ വിഭാഗം ഉടനെ തന്നെ ചേർക്കാൻ സാദ്ധ്യതയുണ്ട്. ദുരുപയോഗം തടയുന്നതിന്, ഓർഡറുകൾക്ക് നിർബന്ധിത പ്രായ പരിശോധനയും ഉപയോക്തൃ പ്രാമാണീകരണവും ആവശ്യമാണെന്ന് സ്വിഗ്ഗി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഗവൺമെന്റ് ഐഡി അപ്ലോഡ് ചെയ്ത് ഒരു സെൽഫി അയച്ചാണ് പ്രായപരിധി നിർണ്ണയിക്കുന്നത്. ഒടിപി ഉപയോഗിച്ച് ഡെലിവറി സമയത്ത് ഉപഭോക്താവിനെ പരിശോധിക്കുന്നു. റാഞ്ചിയിൽ കമ്പനി വാതിൽപ്പടി മദ്യം വിതരണം ആരംഭിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.
മദ്യം വിതരണം ചെയ്യുമ്പോൾ ഉപഫോക്തൃ തിരിച്ചറിയൽ എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫുഡ് ഡെലിവറി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ത്സാർഖണ്ഡിലെ മറ്റ് നഗരങ്ങളിലേക്കും മദ്യ വിതരണ സേവനം വ്യാപിപ്പിക്കുമെന്നും സൊമാറ്റോ വെളിപ്പെടുത്തി.
ഭക്ഷ്യ വിതരണ വ്യവസായത്തിലെ ഒരു പ്രധാന മാറ്റമാണിത്. കാരണം നിലവിൽ ഇന്ത്യയിൽ ഹോം ഡെലിവറിക്ക് നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ പുതിയ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ബിവറേജസ് കോർപ്പറേഷന്റെ ബെവ്ക്യൂ എന്ന ആപ്ലിക്കേഷൻ പ്രവർത്തന ക്ഷമമാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഈ റിപ്പോർട്ടുകൾ അനുസരിച്ച് സംസ്ഥാനത്ത് മദ്യശാലകൾക്കു മുന്നിലെ ക്യൂ നിയന്ത്രിക്കാൻ മാത്രമേ സാധിക്കൂ. ഇത് അടക്കമുള്ള കാര്യങ്ങളിൽ ഇനി കൂടുതൽ വ്യക്തത വരേണ്ടി വരും.



