എന്തും നൽകാം ഈ നാടിനെ സംരക്ഷിക്കാൻ..! വീടുകളിൽ നിന്നും കിട്ടുന്നതെല്ലാം ചേർത്തു വച്ച് നാടിനു വേണ്ടി ഡിവൈ.എഫ്.ഐ ഒരുങ്ങുന്നു; കപ്പയോ ചേനയോ ചേമ്പോ എന്നും സംഭാവന ചെയ്യാം ഈ നാടിനു വേണ്ടി
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണക്കാലത്ത് പ്രതിസന്ധിയുടെ ഒരു വൻമല തന്നെയാണ് നാടിനെയും നാട്ടുകാരെയും കാത്തിരിക്കുന്നത്. ഈ മലകയറി അക്കരെ ജീവനോടെ എത്താൻ ഒത്തൊരുമയും കൂട്ടായ്മയും കൊണ്ടു മാത്രമേ സാധിക്കൂ. ഈ കൊറോണയുടെ പ്രതിസന്ധിക്കാലത്ത് നാടിന്റെ കൈപിടിച്ച് ഒപ്പം നടക്കാനായി ഇറങ്ങുകയാണ് ഒരു പറ്റം ഡിവൈഎഫ്‌ഐ പ്രവർത്തകർ.
നമ്മുടെ നാടിന്റെ അതിജീവനത്തിനായി ഡിവൈഎഫ്‌ഐ നിങ്ങൾക്കരികിലേയ്ക്ക് വരുന്നു എന്ന പദ്ധതിയുമായാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ നവീന ആശയവുമായി എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെ പഴയ സാധനങ്ങൾ, വായിച്ചു കഴിഞ്ഞ പ്രസിദ്ധീകരണങ്ങൾ എന്നിവ ശേഖരിക്കാനായാണ് ഡിവൈഎഫ്‌ഐ രംഗത്ത് ഇറങ്ങുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന സാധനങ്ങൾ വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
കൊറോണക്കാലത്ത് രണ്ടു ലക്ഷ്യങ്ങളോടെയാണ് ഡിവൈഎഫ്‌ഐ ഇത്തരത്തിൽ ഉദ്യമം ഏറ്റെടുത്തു നടത്തുന്നത്.
മഴക്കാലത്തിനു മുൻപ് പാഴ്വസ്തുക്കൾ മാറ്റണം. ഇല്ലെങ്കിൽ രോഗങ്ങൾ വന്നേക്കും. കൊറോണയ്ക്കു പിന്നാലെ മഴക്കാലത്ത് സാംക്രമിക രോഗങ്ങളുടെ ആക്രമണം കൂടി ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങളുടെ വീട്ടിലൊ പറമ്പിലോ ജോലിയുണ്ടോ, ഞങ്ങൾ വരാം. നിങ്ങൾ തരുന്ന കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും ഡിവൈഎഫ്‌ഐ പ്രഖ്യാപിക്കുന്നു. നാട്ടിലെ വിഭവങ്ങൾ, തേങ്ങയും മാങ്ങയും ചേനയും ചേമ്പുമെല്ലാം ശേഖരിച്ചു വിറ്റും ഡിവൈഎഫ്‌ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു.
ഓട്ടോറിക്ഷയോ വാഹനങ്ങളോ ഓടിക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ഒരു ദിവസം ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി അവന്റെ വാഹനം ഓടിക്കും. കടയും മറ്റ് സ്ഥാപനങ്ങളുമുള്ള പ്രവർത്തകർ തന്റെ
സംരംഭം ഒരു ദിവസം സിഎംഡിആർഎഫിനായി മാത്രം പ്രവർത്തിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ പറയുന്നു. ഇത്തരത്തിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കൈമാറുമെന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപനം.
വിവിധ വീടുകളിൽ നിന്നും ശേഖരിച്ച പഴയ പത്രം സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഡിവൈഎഫ്‌ഐ പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറി സതീഷ് വർക്കിയ്ക്കു നൽകി. ജില്ലാ കമ്മിറ്റി അംഗം പ്രതീഷ് കെ.എസ്, കെ.ആർ രാഹുൽ, രജീഷ് മോൻ എന്നിവർ പങ്കെടുത്തു.