ജില്ലയിൽ പണിയ്ക്ക് എത്തിയ 1463 തൊഴിലാളികള്‍ ബംഗാളിലേക്ക് മടങ്ങി: മടങ്ങിയത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന്
സ്വന്തം ലേഖകൻ
കോട്ടയം : കോരിച്ചൊരിഞ്ഞ മഴയിലും ക്രമീകരണങ്ങള്‍ ചിട്ടയോടെ പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ ആദ്യ സംഘത്തെ ട്രെയിനില്‍ സ്വദേശത്തേക്ക് അയച്ചു.
പശ്ചിമ ബംഗാളിലെ ന്യൂ കുച്ച് ബിഹാര്‍ സ്റ്റേഷനിലേക്കുള്ള ശ്രമിക് ട്രെയിനില്‍ മാള്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍ ജില്ലകളില്‍നിന്നുള്ള 1463 തൊഴിലാളികളാണ് ഇന്നലെ(മെയ് 18) വൈകുന്നേരം 6.30ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ തൊഴിലാളികള്‍ക്ക് മുന്‍കൂട്ടി അനുവദിച്ചിരുന്ന ഓരോ സീറ്റിലും സാമൂഹിക അകലം ഉറപ്പാക്കി പ്രത്യേക സീറ്റ് നമ്പരുകള്‍ പതിച്ചു. 43 കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് ചങ്ങനാശേരി, മീനച്ചില്‍, കോട്ടയം താലൂക്കുകളില്‍നിന്നുള്ള തൊഴിലാളികളെ എത്തിച്ചത്. കോട്ടയത്തേക്ക് പുറപ്പെടും മുമ്പുതന്നെ ടിക്കറ്റ് കൈമാറുകയും സീറ്റ് നമ്പര്‍ ഏതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഏറ്റവുമധികം തൊഴിലാളികള്‍ പായിപ്പാടുനിന്നായിരുന്നു. കനത്ത മഴയത്തും ഇവിടെനിന്നും 34 ബസുകളിലായി കൃത്യസമയത്ത് ഇവരെ എത്തിച്ചു. എല്ലാ ബസുകളും നാഗമ്പടം ബസ് സ്റ്റാന്‍റില്‍ വന്ന ശേഷം ട്രെയിനിലെ സീറ്റ് നമ്പരിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ബസുകളായാണ് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചത്. സ്റ്റേഷനില്‍ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചശേഷം ഭക്ഷണ പാക്കറ്റുകള്‍ കൈമാറിയാണ് തൊഴിലാളികളെ ട്രെയിനിലേക്ക് കയറ്റിയത്.
ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവും തൊഴിലാളികളെ യാത്രയാക്കാനെത്തിയിരുന്നു. അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ മാരായ ജോളി ജോസഫ്, എം.ടി. അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ മോന്‍സി അലക്സാണ്ടര്‍, ജിയോ ടി. മനോജ്, തഹസില്‍ദാര്‍മാരായ പി.ജി. രാജേന്ദ്രബാബു, വി.എം. അഷ്റഫ്, ജിനു പുന്നൂസ്, ഗീതാകുമാരി, സാവിയോ, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് തുടങ്ങിയവര്‍ സന്നിഹിതരായി.