സംസ്ഥാനത്ത് 14 പേർക്കു കോവിഡ്: മലപ്പുറത്ത് നാലു പേർക്കു കോവിഡ്; സംസ്ഥാനത്ത് 23 ഹോട്ട് സ്‌പോട്ടുകൾ; രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരളത്തിൽ 14 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 4 പേർക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും (ഒരാൾ കുവൈറ്റ്, ഒരാൾ യു.എ.ഇ.) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഇതിൽ 7 പേർ തമിഴ്നാട്ടിൽ നിന്നും 3 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാൾ മാലി ദ്വീപിൽ നിന്നുംവന്ന ഉത്തർപ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയിൽ രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകയ്ക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിൽ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 3467 പേരും സീപോർട്ട് വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും റെയിൽവേ വഴി 1026 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 60,612 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 62,529 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 61,855 പേർ വീടുകളിലും 674 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 159 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 5009 സാമ്ബിളുകൾ ശേഖരിച്ചതിൽ 4764 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്ത കൂടി ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവിൽ ആകെ 23 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.