ജർമ്മിനിയിൽ കളിമൈതാനങ്ങൾ വീണ്ടും ഉണർന്നു: ആദ്യ മത്സരത്തിൽ ഷാൽക്കയെ തകർത്ത് ബൊറൂസിയ..!

ജർമ്മിനിയിൽ കളിമൈതാനങ്ങൾ വീണ്ടും ഉണർന്നു: ആദ്യ മത്സരത്തിൽ ഷാൽക്കയെ തകർത്ത് ബൊറൂസിയ..!

സ്‌പോട്‌സ് ഡെസ്‌ക്

ബയേൺ: കൊവിഡിൽ അടച്ചിട്ടിരുന്ന ഫുട്‌ബോൾ സ്‌റ്റേഡിയങ്ങൾക്ക് ഇനി കാൽപ്പന്തിന്റെ മുഴക്കം. കാണികളില്ലാതെ അരങ്ങേറിയ ആദ്യ കോവിഡ് മത്സരം അത്യന്തം ആവേശകരമായി തന്നെ അവസാനിച്ചു.

ബയേൺ മ്യൂണിക്കും ബൊറുഷ്യ ഡോർട്ട്മുൺഡുമെല്ലാം കളിക്കുന്ന ബുണ്ടസ്ലിഗയിലാണ് വീണ്ടും പന്തുരുണ്ടത്. ആദ്യ മത്സരത്തിൽ ഷാൽക്കയെ ബൊറൂസിയ ഡോർട്ട്മുൺഡ് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീഗ് പുനരാരംഭിച്ചപ്പോൾ ഹാലണ്ടിന്റെ വകയായിരുന്നു ആദ്യ ഗോൾ. ഡോർട്ട്മുൺഡിന് വേണ്ടി 12 മത്സരങ്ങൾ കളിച്ച താരത്തിന്റെ 13-ാം ഗോൾ കൂടിയായിരുന്നു അത്. 29-ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്റെ വക ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റാഫേൽ ലീഡ് രണ്ടാക്കി ഉയർത്തി.

ആദ്യ പകുതിയുടെ അധികസമയത്ത് തോർഗൻ ഹസാർഡ് മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ഡോർട്മുണ്ട് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ റാഫേലിന്റെ രണ്ടാം ഗോൾ ഡോർട്മുണ്ടിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.

രാജ്യത്തെ ഒന്നാമത്തേയും രണ്ടാമത്തേയും ലീഗുകളായ ബുണ്ടസ്ലിഗ 1, ബുണ്ടസ്ലിഗ 2 എന്നിവയിലെ എല്ലാ ക്ലബ്ബുകളും പരിശീലന മൈതാനത്തിലേക്ക് നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. പ്രാദേശിക ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് പരിശീലനം.

മേയ് ഏഴിന് ജർമ്മൻ ചാൻസിലർ അനുമതി നൽകിയതോടെയാണ് ലീഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്. താരങ്ങളും പരിശീലകരുമടക്കം ആകെ 300 പേർക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ഗോളാഘോഷങ്ങളും തികച്ചും പുതിയതായിരുന്നു. കെട്ടിപിടിച്ചോ കൈകൾ കൂട്ടിയടിച്ചോയുള്ള ആഘോഷങ്ങളും പാടില്ലെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതോടൊപ്പം തന്നെ കളിക്കാർ തമ്മിലുള്ള ഹസ്തദാനവും ഫൊട്ടോ സെക്ഷനും ഒഴിവാക്കി.