
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യശാലകൾ തുറക്കുമ്പോൾ തിരക്കൊഴിവാക്കാനും, സാമൂഹിക അകലം പാലിക്കുന്നതിനുമായി സർക്കാർ ആരംഭിക്കുന്ന മൊബൈൽ പ്ലാറ്റ്‌ഫോം ചൊവ്വാഴ്ചയോടെ തയ്യാറാകും. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫെയർകോൺ ടെക്‌നോളജീസ് എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് ബിവറേജസ് കോർപ്പറേഷനിലേയ്ക്കും, ബാറുകളിലേയ്ക്കുമുള്ള ക്യൂ നിയന്ത്രിക്കുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.
എന്നാൽ, സർക്കാർ ഉത്തരവ് നൽകും മുൻപ് തന്നെ ഈ ആപ്ലിക്കേഷന്റെ വ്യാജനും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. സർക്കാർ നിർദേശം പ്രകാരം പുതിയ ആപ്ലിക്കേഷനിൽ നിന്നും ഓൺലൈനായി പണം അടയ്ക്കാൻ സാധിക്കില്ല. പകരം, ബിവറേജുകളിലെയും, ചില്ലറ വിൽപ്പന കൗണ്ടറുകൾ തുറക്കുന്ന ബാറുകളിലും എത്തുന്ന സമയവും ക്യൂ നിൽക്കുന്ന സമയവും ബൂക്ക് ചെയ്യാൻ മാത്രമാണ് ഇത് വഴി സാധിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ വെർച്വൽ ക്യൂവിനു സമാനമായ ക്രമീകരണമാണ് ഈ ആപ്ലിക്കേഷൻ വഴി ഒരുക്കിയിരിക്കുന്നത്. മദ്യശാലയിലേയ്ക്കു പോകുന്ന ആൾ മുൻകൂട്ടി ഈ ആപ്ലിക്കേഷൻ വഴി സമയം ബൂക്ക് ചെയ്യണം. എസ്.എം.എസ് വഴിയും, ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴിയും ക്യൂ ബുക്ക് ചെയ്യാൻ സാധിക്കും. ക്യൂ മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം, ടോക്കൺ ലഭിക്കുന്ന സമയത്ത് മാത്രം മദ്യശാലയിൽ എത്തിയാൽ മതിയാവും.
ആപ്പിൽ ഓരോ ജില്ല തിരിച്ചുള്ള ബാറുകളുടെയും, ബിവറേജുകളുടെയും പട്ടിക അറിയാൻ സാധിക്കും. ഈ ബാറുകളിലും ബിവറേജുകളും ഏതൊക്കെ സ്ഥലത്താണ്, ഇത് തുറന്നിട്ടുണ്ടോ, അടച്ചാണോ, ഏതൊക്കെ സമയത്ത് ഇത് പ്രവർത്തിക്കുന്നുണ്ട് തുടങ്ങി മദ്യ ഉപഭോക്താക്കൾക്കു വേണ്ട പ്രാഥമിക വിവരങ്ങളെല്ലാം ഈ ആപ്പ് വഴി ലഭിക്കും. മദ്യം വാങ്ങുന്നതിനായി ഒരു എസ്.എം.എസോ, ആൻഡ്രോയിഡ് ആപ്ലിക്കേഷനിൽ നിന്നുള്ള ടോക്കണോ മതിയാവും.
തിരക്ക് ഉണ്ടായാലും സംവിധാനത്തിന് തകരാർ പറ്റാത്ത രീതിയിലാണ് ആപ്ലിക്കേഷൻ ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ആപ്ലിക്കേഷനിലും പ്ലാറ്റ്‌ഫോമിലും അംഗങ്ങളാകുന്നവർക്കു തങ്ങളുടെ സ്വകാര്യത അടക്കമുള്ള വിവരങ്ങൾ നഷ്ടമാകാതാരിക്കുന്നതിനുള്ള സുരക്ഷാ സംവിധാനവും പ്ര്‌ത്യേകമായി ഒരുക്കിയിട്ടുണ്ട്.
എന്നാൽ, ഈ ആപ്ലിക്കേഷൻ എന്ന പേരിൽ ഇപ്പോൾ ആൻഡ്രോയിഡ് സംവിധാനത്തിൽ പ്രചരിക്കുന്ന ആപ്പിന്റെ കാര്യത്തിൽ തങ്ങൾക്ക് യാതൊന്നും അറിയില്ലെന്ന് സർക്കാരിന് വേണ്ടി ആപ്ലിക്കേഷൻ തയ്യാറാക്കുന്ന ഫെയർകോൺ ടെക്‌നോളജി അധികൃതർ പറയുന്നു. സംസ്ഥാന പൊലീസിന്റെ സൈബർ സെല്ലിന് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങളും ലഭിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ആപ്ലിക്കേഷൻ ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുമെന്ന സംശയമുണ്ടെന്നു സൈബർ രംഗത്തെ വിദഗ്ധർ തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ മദ്യം വിൽക്കാനെന്ന പേരിൽ ഇറങ്ങുന്ന വ്യാജ ആപ്പുകളെ അതീവ ജാഗ്രതയോടെ വേണം ഇനി സമീപിക്കാൻ.