
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: വയനാട്ടിൽ രണ്ടു പൊലീസുകാർക്ക് അടക്കം സംസ്ഥാനത്ത് ഇന്ന് ആകെ പത്തു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയിൽ നിന്നുള്ള 3 പേർക്കും, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ 4 പേർ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേർ ചെന്നൈയിൽ നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയിൽ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ഒരാളും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളും വയനാടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവർക്കും ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറിൽ നിന്നും 10 പേർക്കാണ് രോഗം പടർന്നത്. അതേസമയം കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.
490 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 33,953 പേർ വീടുകളിലും, 494 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുവരെ 39,380 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 4268 സാമ്പിളുകൾ ശേഖരിച്ചതിൽ 4065 സാമ്പിളുകൾ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. നിലവിൽ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.