അടിക്കാൻ കള്ളില്ലാതെ വിഷമിക്കുന്ന റെഡ് സോണായ കുറിച്ചിയിൽ വ്യാജ വാറ്റ്: 30 ലിറ്റർ കോടയുമായി ഫ്രഞ്ചു മുക്ക് സ്വദേശി പിടിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വീട്ടിൽ വ്യാജ വാറ്റ് നടത്തുന്നതിനായി തയ്യാറാക്കിയ 30 ലിറ്റർ കോടയുമായി കുറിച്ചി ഫ്രഞ്ച് മുക്ക് സ്വദേശിയെ പൊലീസ് പൊക്കി അകത്താക്കി. വീടിനുള്ളിൽ കോടയും വാറ്റ് ഉപകരണങ്ങളും സജീകരിച്ച പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്.

കുറിച്ചി ഫ്രഞ്ചു മുക്കിൽ ആലഞ്ചേരി വീട്ടിൽ ബിജു ജോസഫിനെ(42)യാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് വലിയ തോതിൽ വ്യാജ വാറ്റ് നടക്കുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് വീടിന്റെ അടുക്കളയിൽ പ്രതി വ്യാജ വാറ്റ് നടത്തുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇയാളുടെ വീട്ടിൽ കുക്കറിൽ വാറ്റ് തയ്യാറാക്കുന്നതായി കണ്ടെത്തിയത്.

എസ്.ഐമാരായ അബ്ദുൾ ജലിൽ, ടോം മാത്യു, എ.എസ്.ഐമാരായ സിജു ലാൽ, വിനു ടി.പി, സിപിഒമാരായ മനോജ് എം.ആർ , മനീഷ് , ഹോം ഗാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയുടെ വീട്ടിൽ നിന്നും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.