സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് ഇല്ല: മൂന്നാം ഘട്ട ലോക്ക് ഡൗണിനു മുൻപ് പ്രതീക്ഷയായി കേരളം
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്ത് ഇന്ന് ആർക്കും കൊറോണ വൈറസ് ബാധയില്ല. രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരുന്നത് സംസ്ഥാനത്തിന് കടുത്ത ആശ്വാസമാണ് നൽകുന്നത്. കോട്ടയം അടക്കമുള്ള ജില്ലകളിൽ കേസുകൾ ഇപ്പോൾ ഇല്ല എന്നതാണ് ഏറെ ആശ്വാസം നൽകുന്നത്. നാളെ മുന്നൽ മൂന്നാം ഘട്ട ലോക്ക് ഡൗൺ രാജ്യത്ത് ആരംഭിക്കാൻ ഇരിക്കെയാണ് ഇപ്പോൾ പുതിയ പ്രതീക്ഷ നൽകി കണക്ക് പുറത്തു വരുന്നത്.
കോട്ടയം ജില്ലയിൽ ഇന്നു പരിശോധിച്ച് 191 ഫലങ്ങളും നെഗറ്റീവാണ് എന്ന ഫലവും പുറത്തു വന്നിട്ടുണ്ട്. സംസ്ഥാനത്ത് ഒരിക്കൽ കൂടി ആശ്വാസ ദിനമായി. ഇന്നാർക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലന്ന് ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പിലൂടെയാണ് പുറത്തു വ്ിട്ടിരിക്കുന്നത്. അതേസമയം കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡിൽ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,332 പേർ വീടുകളിലും 388 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 63 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 31,611 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2391 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 1683 സാമ്പിളുകൾ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തൻപാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി.