play-sharp-fill
കടകൾ നിർബന്ധിച്ച് അടപ്പിക്കരുത്: തിരക്കേറിയാൽ പൊലീസ് എത്തി കടകൾ അടപ്പിക്കും; കർശന നിയന്ത്രണങ്ങളുമായി ഡിജിപി

കടകൾ നിർബന്ധിച്ച് അടപ്പിക്കരുത്: തിരക്കേറിയാൽ പൊലീസ് എത്തി കടകൾ അടപ്പിക്കും; കർശന നിയന്ത്രണങ്ങളുമായി ഡിജിപി

തേർഡ് ഐ ബ്യൂറോ

തിരുവനന്തുരം: ലോക്ക് ഡൗൺ കാലത്ത് പൊതുഅവധി ദിനമാണ് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും അത് ഇന്ന് പ്രാബല്യത്തിൽ വരില്ലെന്ന് സൂചന. അടുത്ത ഞായറാഴ്ച മുതലാകും ഇത് പ്രാബല്യത്തിൽ എത്തുക.

ഇന്നലെ നടന്ന കൊറോണ അവലോകന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. എന്നാൽ, അതിവേഗം ഇളവുകൾ അടിച്ചേൽപ്പിക്കില്ലെന്ന സൂചനകളാണ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയ്ക്കുള്ള പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഈ സാഹചര്യത്തിൽ ഞായറാഴ്ച പൊതു അവധി പ്രഖ്യാപിക്കുന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ഞായറാഴ്ച മുതൽ ഇത് കർശനമായി നടപ്പാക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ പ്രഖ്യാപിച്ചു. അടുത്ത ആഴ്ച മുതൽ ഇളവുകൾ ലഭിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കും. ഞായറാഴ്ചകളിൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങരുത്. ഇന്ന് സർക്കാർ അനുവദിച്ചിട്ടുള്ള കടകൾ തുറക്കാം. എന്നാൽ, തിരക്ക് വർധിച്ചാൽ കടകൾ അടയ്ക്കണം. ഞായറാഴ്ച നിയന്ത്രണം അടുത്ത ആഴ്ച മുതൽ കർശനമാക്കുമെന്നും ഡിജിപി വ്യക്തമാക്കി.

ഞായറാഴ്ച പൂർണ ഒഴിവുദിനമാണെന്ന സർക്കാർ ഉത്തരവ് മേയ് പത്ത് മുതൽ പ്രാബല്യത്തിൽ വരും. അന്ന് കടകളും സ്ഥാപനങ്ങളും തുറക്കരുത്. വാഹനങ്ങളും പുറത്തിറക്കാൻ അനുവദിക്കില്ല.

സംസ്ഥാനത്തെ പൊതു നിയന്ത്രണങ്ങൾ

പൊതുഗതാഗതം അനുവദിക്കില്ല, സ്വകാര്യ വാഹനങ്ങൾക്ക് ഉപാധികളോടെ യാത്ര ചെയ്യാം.

നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടുപേർ മാത്രം.

ഹോട്ട്‌സ്‌പോട്ടിൽ അതും അനുവദിക്കില്ല. ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം. പിൻസീറ്റിൽ ആൾ പാടില്ല. എന്നാൽ, ജോലി ആവശ്യങ്ങൾക്കായി വനിതകളെ ഓഫീസിലെത്തിക്കുന്നതിന് ഇക്കാര്യത്തിൽ ഇളവ്.

ആളുകൾ കൂടുന്ന ചടങ്ങുകളും മറ്റു പരിപാടികളും പാടില്ല.

പാർക്ക്, ജിം,മാൾ, സിനിമാ ശാലകൾ അടഞ്ഞു കിടക്കും.

മദ്യഷാപ്പുകൾ തുറക്കില്ല.

ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ തുറക്കില്ല.

ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജോലി ചെയ്യാം.

വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിൽ 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതിനുള്ള വിലക്ക് തുടരും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷാ നടത്തിപ്പിന് നിബന്ധന പാലിച്ച് തുറക്കാം.

ഞായർ പൂർണ ഒഴിവ് ദിവസമായി പ്രഖ്യാപിച്ചു. കടകളും സ്ഥാപനങ്ങളും തുറക്കാൻ പറ്റില്ല. വാഹനങ്ങൾ പുറത്തിറങ്ങുന്നതിനും വിലക്ക്. അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫീസുകൾ നിലവിലെപ്പോലെ പ്രവർത്തിക്കാം. എ,ബി വിഭാഗം ജീവനക്കാർ 50 ശതമാനവും സി,ഡി വിഭാഗം ജീവനക്കാർ 33 ശതമാനവും മാത്രം ഹാജരായാൽ മതി.