ഇടുക്കി ആശ്വാസത്തിന്റെ പാതയിലേക്ക് ..! ജില്ലയില്‍ ഇന്ന് ഒരാള്‍ രോഗമുക്തി നേടി ; ചികിത്സയിലുള്ള രോഗികളുടെ എണ്ണം 12 ആയി കുറഞ്ഞു
സ്വന്തം ലേഖകന്‍
തൊടുപുഴ : ഇടയ്ക്ക് ഗ്രീന്‍ സോണാവുകയും പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ റെഡ് സോണാവുകയും ചെയ്ത ഒരു ജില്ലയായിരുന്നു ഇടുക്കി. ഏറെ ആശങ്കയോടെ ആരോഗ്യപ്രവര്‍ത്തകരും ഇടുക്കി ജില്ലയെ നോക്കിക്കണ്ടതും.
ഇപ്പോഴിതാ ഇടുക്കി ജില്ലയും ആശ്വാസത്തിന്റെ പാതയിലേക്ക് എത്തിയിരിക്കുകയാണ്. ജില്ലയില്‍ ചികിത്സയിലുള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12 ആയി കുറഞ്ഞു. ജില്ലയില്‍ ഇന്ന് ഒരാള്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതോടെയാണ് രോഗബാധിതരുടെ എണ്ണം 12 ആയി കുറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിയാറന്‍കുടി സ്വദേശിയാണ് ഇന്ന് ഇടുക്കിയില്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്. ഡ്രൈവറായ ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നാണ് രോഗം ബാധിച്ചത് എന്നാണ് നിഗമനം.
എന്നാല്‍ ഇടുക്കിയില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാഭരണകൂടം. അതിര്‍ത്തി മേഖലകളില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഗ്രീന്‍ സോണില്‍ നിന്ന് പൊടുന്നനെ റെഡ് സോണിലേക്ക് മാറിയ അനുഭവം മുന്‍നിര്‍ത്തിയാണ് ഇടുക്കിയില്‍ പരിശോധനകള്‍ കടുപ്പിക്കുന്നത്. തേനിയില്‍ കൊവിഡ് രോഗികള്‍ കൂടുന്നതും ആശങ്ക സൃഷ്ടിക്കുന്നു.
അതിര്‍ത്തി മേഖലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ വനംവകുപ്പ് മുപ്പതോളം വാച്ചര്‍മാരെ നിയോഗിച്ചു. വനത്തില്‍ പൊലീസിന് എത്തിപ്പെടാന്‍ പറ്റാത്ത മേഖലകളില്‍ ടെന്റ് കെട്ടി താമസിച്ചാണ് ഇവരുടെ നിരീക്ഷണം. തമിഴ്‌നാട്ടിലേക്കുള്ള പ്രധാന പാതകള്‍ അടച്ചതിനാല്‍ വനപാതയിലൂടെ ഇപ്പോഴും തമിഴ്‌നാട്ടിലേക്കും തിരിച്ചും കടക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്.
ഇത്തരത്തില്‍ വട്ടവടയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് വനംവകുപ്പ് തിരിച്ചയച്ചത്. അതിര്‍ത്തി മേഖലകളിലും വനപാതകളിലും പൊലീസ് പരിശോധന തുടരുകയാണ്.