വിവാദമുണ്ടാക്കിയവർ ഇത് വായിക്കുക : കോവിഡ് പരിശോധനാ ഫലം പോസിറ്റിവായാല്‍ തുടര്‍നടപടികള്‍ ഇങ്ങനെ
സ്വന്തം ലേഖകൻ
കോട്ടയം : ഒരാളുടെ സാമ്പിള്‍ പരിശോധനയില്‍ കോവിഡ്-19 വൈറസ് ബാധ കണ്ടെത്തിയതായി ജില്ലാ കൊറോണ സെല്ലില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സ്വീകരിച്ചുവരുന്ന തുടര്‍ നടപടികള്‍.
🔹 രോഗിക്ക് പ്രാഥമിക കൗണ്‍സലിംഗ് നല്‍കുന്നു. ഫോണ്‍ മുഖേന കൗണ്‍സലിംഗ് നടത്തുന്നത് കളക്ടറേറ്റിലെ കൊറോണ സെല്ലിലുള്ള വിദഗ്ധ ഡോക്ടര്‍മാരാണ്. ഇതോടൊപ്പം വൈറസ് ബാധ സംബന്ധിച്ച സൂചനയും രോഗിക്ക് നല്‍കും. രോഗിയുടെ സമ്പര്‍ക്ക പശ്ചാത്തലം, യാത്രാ ചരിത്രം, കുടുംബ പശ്ചാത്തലം തുടങ്ങിയവ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി പോലും സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ കഴിയുന്നതിന് നിര്‍ദേശിക്കുകയും ചെയ്യുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
🔹 ഇതേസമയം തന്നെ സാമ്പിള്‍ ശേഖരിച്ച ആശുപത്രിയിലും രോഗിയുടെ വീടിനടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലും ബന്ധപ്പെട്ട് പരിശോധനാ ഫലം അറിയിക്കുകയും അധിക വിവര ശേഖരണം നടത്തുകയും ചെയ്യുന്നു.
🔹 രോഗിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കേണ്ട ആശുപത്രിയിലെ നോഡല്‍ ഓഫീസറെ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.
🔹 രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ഡ്രൈവറും രോഗിയും തമ്മില്‍ സമ്പര്‍ക്കത്തില്‍ വരാത്ത ഡ്യൂവല്‍ ചേംബര്‍ ആംബുലന്‍സ് സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കുന്നു.
🔹രോഗിയെ കൊണ്ടുവരേണ്ട ആംബുലന്‍സ് അണുനശീകരണം നടത്തുന്നു.
🔹 ആംബുലന്‍സ് ഓടിക്കുന്നതിനു പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവര്‍ പി.പി.ഇ കിറ്റ് ധരിക്കുന്നു. ഡ്രൈവര്‍ മാത്രമാണ് ആംബുലന്‍സില്‍ ഉണ്ടാകുക.
🔹 രണ്ടാം ഘട്ടമായി വീണ്ടും രോഗിയെ ഫോണില്‍ ബന്ധപ്പെട്ട് തുടര്‍ പരിശോധനയ്ക്കും രോഗസ്ഥിരീകരണത്തിനായി ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും ഇതിനായി ആംബുലന്‍സ് ഉടന്‍ അയയ്ക്കുമെന്നും അറിയിക്കുന്നു. ആശുപത്രിയിലേക്ക് എത്തുന്നതിനുവേണ്ട തയ്യാറെടുപ്പുകള്‍ സംബന്ധിച്ച നിര്‍ദേശവും നല്‍കുന്നു.
🔹രോഗിയുടെ വീടിനു സമീപമുള്ള പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമെങ്കില്‍ സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണിത്.
🔹 ആംബുലന്‍സ് പുറപ്പെടുമ്പോള്‍ ഈ വിവരം വൈറസ് ബാധിതനെയും പ്രവേശിപ്പിക്കേണ്ട ആശുപത്രിയിലും അറിയിക്കുന്നു. ഒരു ആംബുലന്‍സില്‍ ഒരു രോഗിയെ മാത്രമാണ് കൊണ്ടുപോകുക.
🔹രോഗിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പരിചരിക്കേണ്ട ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ധരിച്ച് സജ്ജരാകുന്നു.
🔹ആംബുലന്‍സ് വീട്ടിലെത്തിയശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ഡോര്‍ തുറന്നുകൊടുത്ത് രോഗിയെ കയറ്റുന്നു.
🔹 ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിന് മുന്‍പില്‍ ആംബുലന്‍സ് നിര്‍ത്തുന്നു.
🔹ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാര്‍ രോഗിയെ വാഹനത്തില്‍നിന്നിറക്കി വാര്‍ഡിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ജീവനക്കാര്‍ എത്തുന്നതുവരെ രോഗിയോ ഡ്രൈവറോ ആംബുലന്‍സിന് പുറത്തിറങ്ങാന്‍ പാടില്ല.
🔹രോഗിയെ ഇറക്കിയശേഷം ആംബുലന്‍സ് വീണ്ടും അണുനശീകരണം നടത്തുന്നു.
🔹 രോഗിയുടെ വിശദാംശങ്ങളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളും ജില്ലാ കൊറോണ സെല്ലില്‍നിന്ന് സംസ്ഥാന സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.