
അയ്മനത്ത് മിണ്ടാപ്രാണികളുടെ നടു അടിച്ചൊടിച്ച് വിമുക്ത ഭടന്റെ ക്രൂരത: മൂരിക്കിടാവിന്റെ കാലിൽ കമ്പി തുളച്ചു കയറി; പരാതിയുമായി ക്ഷീര കർഷകൻ പൊലീസ് സ്റ്റേഷനിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത് കൂട്ടിലടച്ച കിളികലെ പോലെ മനുഷ്യൻ കഴിയുമ്പോൾ മിണ്ടാപ്രാണികളോട് ക്രൂരത കാട്ടി വിമുക്ത ഭടൻ. കമ്പിവടിയും മുപ്പല്ലിയും അടക്കം ഉപയോഗിച്ച് മിണ്ടാപ്രാണികളെ തല്ലി മൃതപ്രായനാക്കിയ വിമുക്തഭടന്റെ ക്രൂരതകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
വീട്ടിൽ വളർത്തിയിരുന്ന നാൽക്കാലികളെ ക്രൂരമായി തല്ലിയും കുത്തിയും പരിക്കേൽപ്പിച്ച അയൽവാസിയുടെ പേരിൽ ക്ഷീരകർഷകർ പരാതി നൽകി. അയ്മനം പഞ്ചായത്തിലെ കൊടുവത്തറ പ്രദേശത്ത് ഞായറാഴ്ച ഉച്ചയോടെയാണ് മൃഗങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ച വീഴ്ത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജി ഭവനത്തിൽ ഷൈമോൻ.എസ്.എസ്. , ചേപ്പഴം ജോയി തോമസ് എന്നിവരുടെ നാല് പശുക്കൾക്കും ഒരു മൂരിക്കിടാവിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. അയൽവാസിയും വിമുക്ത ഭടനുമായ മണലോടിയിൽ മാത്തുക്കുട്ടി ജേക്കബ് മുപ്പല്ലിയും കമ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഉടമകൾ പൊലീസിൽ പരാതി നൽകിയത്.
ആക്രമണത്തിൽ മൂരിക്കിടാവിന്റെ കാലിൽ മുപ്പല്ലിയുടെ കമ്പി ഒടിഞ്ഞു കയറി. പശുക്കളുടെ ശരീരത്തിലെ മുറിവുകളെല്ലാം തന്നെ ആഴമേറിയവയാണ്.
മൂരിക്കിടാവിന്റെ ശരീരത്തിൽ ഒടിഞ്ഞ് തറച്ച 12 സെന്റീമീറ്ററോളം നീളമുള്ള കമ്പി നീക്കം ചെയ്തു. മൃഗങ്ങൾക്ക് ആവശ്യമായ പരിശോധനകൾ നടത്തി മരുന്നുകൾ നൽകിയെന്നും മുറിവുകൾ ഉണങ്ങാൻ ദിവസങ്ങൾ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു.
തങ്ങളുടെ ഉപജീവന മാർഗ്ഗമായ പശുക്കളെ ക്രൂരമായി ഉപദ്രവിച്ച വിമുക്ത ഭടനെതിരെ കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ക്ഷീര കർഷകർ പരാതി നൽകി.