ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അജി .ബി. റാന്നി അറസ്റ്റിൽ

ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അജി .ബി. റാന്നി അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ദേവസ്വം ബോർഡിൽ നിയമനം നൽകാമെന്ന് പറഞ്ഞു പതിനഞ്ചോളം പേരെ കബിളിപ്പിച്ചതിനാണ് പത്തനംതിട്ട റാന്നി സ്വദേശിയായ അജി.ബിയെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയായ യുവാവിന് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. അജികുമാർ എന്ന ഇയാൾ അജി .ബി. റാന്നി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുൻപും വിവിധ ദേവസ്വം ബോർഡുകളിൽ നിയമന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ വ്യാജ സീലും ലറ്റർപാഡും ഉപയോഗിച്ച് സ്വന്തമായി നിയമന ഉത്തരവ് തയ്യാറാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. യൂത്ത് കോൺഗ്രസ് എസിന്റെ സംസ്ഥാന ചുമതല വഹിച്ചിരുന്ന അജി വിവിധ നേതാക്കളുമായുള്ള ഫോട്ടോകൾ കാണിച്ചാണ് ഉദ്യോഗാർഥികളുടെ വിശ്വാസം നേടിയെടുക്കുന്നത്. ജോലി വാഗ്ദാനം നൽകി മുൻകൂറായി രണ്ടര ലക്ഷം രൂപ വാങ്ങും. 15 ദിവസം കഴിയുമ്‌ബോൾ കൃത്രിമമായി തയ്യാറാക്കിയ ജോലി ഉത്തരവ് നൽകി ബാക്കി തുക കൈപ്പറ്റുകയാണ് പതിവ്. നിയമന ഉത്തരവുമായി ദേവസ്വം ബോർഡുകളിലെത്തുമ്പോഴാകും തട്ടിപ്പനിരയായവർ വാസ്തവം തിരിച്ചറിയുക. മാരായമുട്ടം പോലീസ് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.