
ക്രൈം ഡെസ്ക്
കോട്ടയം : കൊറോണക്കാലത്തും ജില്ലയിലേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്ത്. പച്ചക്കറി ലോറിയിൽ ജില്ലാ അതിർത്തി വഴി കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു. പൊലീസ് പരിശോധന കണ്ട് പച്ചക്കറിയുമായി എത്തിയ മിനി ലോറി ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപെട്ടു.
ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന കഞ്ചാവ് ജില്ലാ പൊലീസിലെ നർക്കോട്ടിക്ക് വിഭാഗം സ്നിഫർ ഡോഗ് റോക്കി മണത്ത് കണ്ടെത്തി. ഓടി രക്ഷപെട്ട ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചക്കറി വാഹനങ്ങളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി ജില്ലാ അതിർത്തി പ്രദേശങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങൾ ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കേരള അതിർത്തി കടന്ന് പച്ചക്കറിയുമായി മിനി ലോറി എത്തിയത്.
പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ലോറി ഡ്രൈവർ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ പൊലീസ് സംഘം വാഹന പരിശോധിച്ചപ്പോൾ ഇതിനുള്ളിൽ നിന്നും അര കിലോ കഞ്ചാവ് കണ്ടെത്തി. തുടർന്ന്, പൊലീസ് സംഘം കൂടുതൽ പരിശോധനയ്ക്കായി ഡോഗ് സ്ക്വാഡിനെ വിളിച്ച് വരുത്തുകയായിരുന്നു. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാനിൻ്റെ രഹസ്യ അറയിൽ നിന്നും ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്.
ജില്ലാ നർക്കോട്ടിക്കെ സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള , കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ , മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഷിബുകുമാർ , എസ്.ഐ കെ.ജെ മാമ്മൻ, എ.എസ്.ഐ അലക്സ് , ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ് ,അജയകുമാർ കെ.ആർ , തോംസൺ കെ.മാത്യു , ശ്രീജിത്ത് ബി.നായർ, അരുൺ എസ് , ഡോഗ് സ്ക്വാഡ് അംഗങ്ങൾ ആയ കെ.വി പ്രേംജി , ബിറ്റു മോഹൻ ,ആഷിത്ത് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.