play-sharp-fill
പ്രസവ ശുശ്രൂഷയ്ക്കായി തുടങ്ങിയ തെള്ളകം മിറ്റേര മരണാശുപത്രി ആകുന്നു: അഭിഭാഷകന്റെ ഭാര്യയുടെ മരണത്തിനു പിന്നാലെ പുറത്തു വരുന്നത് ഗുരുതര ആരോപണങ്ങൾ; ആശുപത്രിയുടെ ലൈസൻസും വിവാദത്തിൽ

പ്രസവ ശുശ്രൂഷയ്ക്കായി തുടങ്ങിയ തെള്ളകം മിറ്റേര മരണാശുപത്രി ആകുന്നു: അഭിഭാഷകന്റെ ഭാര്യയുടെ മരണത്തിനു പിന്നാലെ പുറത്തു വരുന്നത് ഗുരുതര ആരോപണങ്ങൾ; ആശുപത്രിയുടെ ലൈസൻസും വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: തെള്ളകത്തെ മദർ ആൻഡ് ചൈൽഡ് സ്‌പെഷ്യലിസ്റ്റ് ആശുപത്രി മിറ്റേര മരണ കേന്ദ്രമാകുന്നതായി ആരോപണം..! കഴിഞ്ഞ ദിവസം കോട്ടയം ബാറിലെ അഭിഭാഷകന്റെ ഭാര്യ പ്രസവത്തെ തുടർന്നു മരിച്ച സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ ആശുപത്രിയിൽ രോഗീ പരിചരണത്തിൽ നിരവധി വീഴ്ചകളാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച പ്രസവത്തിനിടെയാണ് കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂർ തച്ചനാട്ടേൽ അഡ്വ.ടി.എൻ രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ജി.എസ് ലക്ഷ്മി (41) മരിച്ചത്. ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഇവിടെ നടക്കുന്ന കൊള്ള മനസിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്മിയുടെ മരണ വാർത്ത നൽകിയതിനു പിന്നാലെ നൂറുകണക്കിന് ഫോൺ കോളുകളും വാട്‌സ്അപ്പ് സന്ദേശങ്ങളുമാണ് മിറ്റേര ആശുപത്രിയിലെ ചികിത്സാ പിഴവ് സംബന്ധിച്ചു വ്യക്തമാക്കി തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചത്. മിറ്റേര ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നു കഴിഞ്ഞ ഒരു വർഷത്തിനിടെ പലർക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായുമാണ് പരാതി ഉയർന്നിരിക്കുന്നത്.

പല കേസുകളിലും കുട്ടികളുടെ ബന്ധുക്കളോ മാതാപിതാക്കളോ പരാതി പോലും നൽകാറില്ല. മിറ്റേര ആശുപത്രി അധികൃതരുടെ ഭീഷണിയെ തുടർന്നാണ് പലപ്പോഴും ഇവർ പരാതി നൽകാൻ മടിക്കുന്നത്. എന്നാൽ, ആശുപത്രിയ്‌ക്കെതിരെ നിലവിൽ പരാതി ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇവിടെ ചികിത്സയ്ക്കു ലക്ഷങ്ങളാണ് ആശുപത്രി അധികൃതർ ഫീസായി ഈടാക്കുന്നത്. വിദേശത്തു നിന്നും അടക്കം പ്രത്യേക ചികിത്സയ്ക്കായി ആളുകൾ എത്താറുണ്ട്. ഇതിനിടെ, ആശുപത്രിയ്ക്കു മതിയായ ലൈസൻസുകൾ ഇല്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മതിയായ ലൈസൻസില്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്ന ആരോപണം ഉയർത്തി പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത് ബിജെപി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ്.

നേരത്തെ തന്നെ മിറ്റേര ആശുപത്രിയുടെ ലൈസൻസ് അടക്കമുള്ള വിഷയങ്ങളിൽ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അഭിഭാഷകന്റെ ഭാര്യയുടെ മരണം സംഭവിച്ചിരിക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ അടക്കം സാരമായി ബാധിക്കുന്നതാണ്. ആശുപത്രിയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നും, കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വിവിധ കോണുകളിൽ നിന്നും ആരോപണം ഉയർന്നിട്ടുണ്ട്.

രോഗീപരിചരണത്തിലുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി മിറ്റേരയ്‌ക്കെതിരെ നേരത്തെയും പരാതി ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്ന തെളിവുകൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, പരാതികൾ പലതും ഇവർ പണവും ഭീഷണിയും ഉപയോഗിച്ച് ഒത്തു തീർക്കുകയാണ്. വിദേശത്തു നിന്നും എത്തുന്നവരാണ് പ്രധാനമായും ഈ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നത്. എന്നാൽ, നാട്ടിലെ ആളുകളോടും വലിയ ഫീസാണ് ആശുപത്രി ഈടാക്കുന്നത്.

മുറിവാടകയും, ആശുപത്രി ചിലവുകളും വലിയ തോതിൽ ഈടാക്കുന്നതിനും യാതൊരു കണക്കുകളും ഇല്ല. സർക്കാർ നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ തോന്നുംപടിയാണ് പരിശോധനാ ഫീസ് പോലും ആശുപത്രി അധികൃതർ ഈടാക്കുന്നത്.