ഏഴു പേർക്കു കൊറോണ പിടിച്ചപ്പോൾ 27 പേർ രോഗവിമുക്തരായി: അതിജീവനത്തിന്റെ കേരളം; കോവിഡ് ഭേദപ്പെട്ട വിദേശികൾ നാട്ടിലേയ്ക്കു മടങ്ങി; നിയന്ത്രണങ്ങൾ എല്ലാം സംസ്ഥാനത്ത് തുടരും; കോട്ടയത്ത് സാധാരണ ജീവിതം അനുവദിക്കും
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ഒരു പോസിറ്റീവ് കേസുകൾ പോലും റിപ്പോർട്ട് ചെയ്യാത്ത കോട്ടയം ജില്ലയിൽ സാധാരണ ജീവിതം അനുവദിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തും ഇടുക്കിയിലും ഒരു പോസിറ്റീവ് കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കോട്ടയത്ത് സാധാരണ ജീവിതം അനുവദിക്കുന്നത്. ഏപ്രിൽ ഇരുപത് മുതലാണ് കോട്ടയത്തിനും ഇടുക്കിയ്ക്കും ഇളവ് അനുവദിക്കുന്നത്.
എന്നാൽ, ഇവിടെയും നിയന്ത്രണങ്ങൾ ഉണ്ടാകും. പൊതു ഗതാഗത സംവിധാനങ്ങളോ, തീയറ്ററുകളോ, ആരാധനാലയങ്ങളോ പ്രവർത്തിക്കില്ല. കടകളും സാധാരണ സ്ഥാപനങ്ങളും തുറക്കും. എന്നാൽ, ജില്ലവിട്ടും സംസ്ഥാനം വിട്ടും യാത്രകൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌ക് ധരിച്ചു മാത്രമേ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കും. പ്രധാന ജംഗ്ഷനുകളിൽ സാനിറ്റൈസർ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് സംസ്ഥാനത്ത് ഏഴു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ നാല് കോഴിക്കോ്ട് രണ്ട്, കാസർകോട് ഒന്ന്് എന്നിങ്ങനെയാണ് ഇന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രോഗം ബാധിച്ചവരിൽ അഞ്ചു പേർ വിദേശത്തു നിന്നും എത്തിയരാണ്്. സംസ്ഥാനത്ത് ഇന്ന് 27 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്.
ബ്രിട്ടീഷ് എയർവെയിസിന്റെ പ്രത്യേക വിമാനം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നും 268 യാത്രക്കാരുമായി യാത്ര തിരിച്ചു. കോവിഡ് ഭേദപ്പെട്ട ഏഴു പേരും ഈ സംഘത്തിൽ ഉണ്ട്. നെടുമ്പാശേരിവിമാനത്താവളത്തിൽ ഡ്യൂട്ടിയ്ക്കിടെ രോഗം ബാധിച്ചവർ രണ്ടു പേർക്കു രോഗവിമുക്തമായതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന അതിർത്തികൾ എല്ലാം അടച്ചു. അന്തർ സംസ്ഥാന അന്തർ ജില്ലാ യാത്രകൾ നിരോധിച്ചിട്ടുണ്ട്. ഇത് തുടരും. കേന്ദ്ര പട്ടിക അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾ ഹോട്ട് സ്‌പോട്ടുകളാണ്. കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർകോട് 61, കണ്ണൂർ – 45, മലപ്പുറം ഒൻപത് എന്നിങ്ങനെയാണ്.
ഈ മൂന്നു ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ് ഒൻപത് എണ്ണമുള്ള കോഴിക്കോടാണ്. ഈ നാലു ജില്ലകളും ചേർത്ത് ഒരു മേഖലയാക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സർക്കാരിനെ സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര അംഗീകാരത്തോടെ ഇത് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ നാലു ജില്ലകളിലും ലോക്ക ഡൗൺ ഇളവില്ലാതെ തുടരാൻ തീരുമാനിച്ചിട്ടുണ്ട്. മെയ് മൂന്നു വരെ ലോക്ക് ഡൗൺ കർശനമായി തുടരും.
ഈ ജില്ലകളിൽ തീവ്ര രോഗബാധയുള്ള ഹോട്ട് സ്‌പോട്ട് പ്രത്യേകമായി കണ്ടെത്തും. ഇത്തരം വില്ലേജുകളുടെ അതിർത്തി അടയ്ക്കും. എൻട്രി പോയിന്റും എക്‌സിറ്റ്് പോയിന്റും വില്ലേജുകൾക്ക് ഉണ്ടാകും. സർക്കാർ അനുവദിക്കുന്ന ഈ പോയിന്റിലൂടെ മാത്രമേ ഭക്ഷ്യവസ്തുക്കൾ കൊണ്ടു പോകാൻ അനുവദിക്കൂ.
ആറു പോസിറ്റീവ് കേസുള്ള പത്തനംതിട്ട, മൂന്നു കേസുള്ള എറണാകുളം, അഞ്ചു പോസിറ്റീവ് കേസുകള്ള കൊല്ലം എന്നീ ജില്ലകൾ രണ്ടാം ഘട്ടത്തിൽ വരും. ഹോട്ട് സ്‌പോട്ടായി കേന്ദ്ര സർക്കാർ കണക്കാക്കിയ പത്തനംതിട്ടയും, എറണാകുളവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ ജില്ലകളിൽ എണ്ണം കുറവായതിനാൽ ഇവയെ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായ വിഭാഗമായി കണക്കാക്കുന്നത്. ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത രീതിയിൽ ലോക്ക് ഡൗൺ തുടരും. ഹോട്ട് സ്‌പോട്ടായ പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി ജില്ലകൾ പൂർണമായും അടച്ചിടും. 24 ന് ശേഷം സാഹചര്യം വിലയിരുത്തി ഇളവുകൾ അനുവദിക്കും.
മൂന്നാമത്തെ മേഖലയായി നിർദേശിക്കുന്നത് മൂന്നു പോസിറ്റീവ് കേസുള്ള ആലപ്പുഴ, തൃശൂർ ഒന്ന്, തിരുവനന്തപുരം, പാലക്കാട് രണ്ട്, വയനാട് ഒന്ന് എന്നിങ്ങനെയാണ്. ഹോട്ട് സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ച തിരുവനന്തപുരവും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഈ മേഖലയിൽ ഭാഗീകമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ, മറ്റ് എല്ലാ നിയന്ത്രണങ്ങളും ഈ ജില്ലയിലും ബാധകമായിരിക്കും. സംസ്ഥാന, ജില്ലാ അതിർത്തി എല്ലാം അടഞ്ഞു കിടക്കും. സിനിമാ ഹോളുകളിലും ആരാധനലായങ്ങളിലും എല്ലാം ഒരേ നിലയായിരിക്കും. കൂടിച്ചേരലുകൾ അടക്കമുള്ളവ ഇവിടെ നിരോധിക്കും. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങൾ അടച്ചിടും. അതോടൊപ്പം ചില ഇളവുകൾ അനുവദിക്കും. കടകൾ റസ്റ്ററന്റുകൾ എന്നിവ വൈകിട്ട് ഏഴു വരെ അനുവദിക്കുന്ന നില ഉണ്ടാകും.
പോസിറ്റീവായ കേസുകൾ ഇല്ലാത്ത രണ്ടു ജില്ലകളാണ് ഉള്ളത്. കോട്ടയവും ഇടുക്കിയും. ഈ രണ്ടു ജില്ലകളെയും മറ്റൊരു മേഖലയായി തിരിക്കും. ഇടുക്കി തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കും. സംസ്ഥാന അതിർത്തി അടച്ചിടും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. മറ്റു നിയന്ത്രണങ്ങൾ എല്ലാം ഉണ്ടായിരിക്കും. സിനിമാ ഹാളുകൾ, കൂട്ടം ചേരലുകൾ എന്നിവ ഉണ്ടാകില്ല. ആരാധനാലയങ്ങൾ തുറക്കില്ല.