
കൊറോണയെ തോൽപ്പിച്ച കോട്ടയത്തിന് ഇളവുണ്ടോ ? സംസ്ഥാനത്തെ കൂടുതൽ ഇളവുകൾ ഇന്നറിയാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഏതൊക്കെ മേഖലകളിൽ ഇളവ് പ്രഖ്യാപിക്കണമെന്ന കാര്യം ഇന്നറിയാം. ലോക് ഡൗൺ കാലത്തെ ഇളവുകളെ കുറിച്ച് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.
കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പൊതു സ്ഥിതിയും സർക്കാർ വിലയിരുത്തും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗത്തിന്റെ വ്യാപനം വലിയ തോതിൽ കുറഞ്ഞെങ്കിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. എന്നാൽ കാർഷികതോട്ടം മേഖലകൾക്കാണ് കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ തൊഴിലിടങ്ങൾക്കും കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിലും കൂടുതൽ ഇളവുണ്ടാകും. എന്നാൽ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതം പാടില്ലെന്നും മദ്യശാലകൾ തുറക്കരുതെന്നും കേന്ദ്രത്തിന്റെ നിർദേശം ഉള്ളതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനവും നിയന്ത്രണം തുടരും.
ലോക് ഡൗണിന്റെ മാർഗ്ഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്ക് അമിത ഉളവ് നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഏപ്രിൽ 20 മുതൽ ചില മേഖലകളിൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് സംസ്ഥാനത്തും പ്രാബല്യത്തിൽ വരും. മെഡിക്കൽ ലാബുകൾക്ക് തുറന്ന് പ്രവർത്തിക്കാം. കാർഷിക പ്രവർത്തികൾക്ക് തടസ്സമുണ്ടാവില്ല. കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്ന ചന്തകൾക്ക് തുറന്ന് പ്രവർത്തിക്കാം. കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ അന്തർസംസ്ഥാന യാത്ര അനുവദിക്കും. ആംബുലൻസുകൾക്കും ഈ ആനുകൂല്യം ലഭിക്കും.
ഇലക്ട്രിക്, പ്ലംബിങ്, മരപ്പണികൾ അനുവദിക്കും, കോഴി, മത്സ്യ, ക്ഷീര കർഷകർക്കും ജീവനക്കാർക്കും യാത്രാനുമതി നൽകാം. തേയില, റബർ, കാപ്പിത്തോട്ടങ്ങൾ, കശുവണ്ടി സംസ്കരണ കേന്ദ്രങ്ങൾ തുറക്കാം. എന്നാൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്താം.
എന്നാൽ തൊഴിലാളികൾ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. എന്നിങ്ങനെയാണ് രണ്ടാം ഘട്ട ലോക് ഡൗണിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രധാന ഇളവുകൾ.