play-sharp-fill
ലോക്ക് ഡൗൺ: കാർഷികോത്പന്നങ്ങൾ  സഹകരണ ബാങ്കുകൾ സംഭരിക്കണം:  ജോസ് കെ.മാണി

ലോക്ക് ഡൗൺ: കാർഷികോത്പന്നങ്ങൾ സഹകരണ ബാങ്കുകൾ സംഭരിക്കണം: ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴി സംഭരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.


ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ ഉള്‍പ്പടെയുള്ള നിരവധി ജനവിഭാഗങ്ങളുണ്ട്. 30 ലക്ഷത്തോളം വരുന്ന കര്‍ഷകരില്‍ വലിയൊരു വിഭാഗത്തിനും അവരുടെ ഉല്‍പ്പന്നങ്ങള്‍  മാര്‍ക്കറ്റില്‍ വില്‍ക്കാനാവുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പരിമിതികളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക്  കൈത്താങ്ങാകണം എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട കേരള ബാങ്കിനും, നമ്മുടെ സഹകരണപ്രസ്ഥാനങ്ങള്‍ക്കും ഇത്തരം ജനവിഭാഗങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാവും.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നാലിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സഹകരണ ബാങ്കുകളെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളണം.

മാര്‍ക്കറ്റ് വിലയുടെ 80 ശതമാനം തുക ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്കു നല്‍കാനാവണം. റബറും, മലഞ്ചരക്കുകളായ ഇഞ്ചി, കുരുമുളക്, കാപ്പി, ഏലം തുടങ്ങിയവയും  ആവശ്യമായ ഗ്രേഡര്‍മാരെ താല്‍ക്കാലികമായി  നിയമിച്ചാല്‍ വ്യാപാരം നടത്താനാവും. പച്ചക്കറികളും, മറ്റ് ഭക്ഷ്യഉല്‍പ്പന്നങ്ങളും വിറ്റഴിക്കാനാവാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളും ഭക്ഷ്യ, കാര്‍ഷിക ഉല്‍പ്പന്ന വാങ്ങല്‍ കേന്ദ്രങ്ങളാക്കണം. ഉല്‍പ്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് വിതരണം ചെയ്യണം. കര്‍ഷകര്‍ക്ക് നല്‍കാനുള്ള ബാക്കി 20 ശതമാനം ലോക്ക്ഡൗണിനുശേഷം നല്‍കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.