കോട്ടയത്ത് എത്തിയ തോമസ് ഐസക്ക് സന്ദർശിച്ചത് കമ്മ്യൂണിസ്റ്റ് കിച്ചൺ മാത്രം..! നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് മന്ത്രി തിരിഞ്ഞു നോക്കിയില്ല; വിമർശനങ്ങൾക്കിടയിലും രണ്ടായിരത്തോളം പേർക്കു ഭക്ഷണം വിതരണം ചെയ്ത് നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെത്തിയ മന്ത്രി തോമസ് ഐസക്ക് സന്ദർശനം നടത്തിയത് കോട്ടയത്തെ കമ്മ്യൂണിസ്റ്റ് കിച്ചണിൽ മാത്രം.
കൊറോണക്കാലത്തും രാഷ്ട്രീയ വിവേചനം കാട്ടിയ തോമസ് ഐസക്കിന്റെ നിലപാടുകളാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയായി ജില്ലയിൽ മാറിയിരിക്കുന്നത്. കാർത്തിക ഓഡിറ്റോറിയത്തിൽ നഗരസഭ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിൽ സന്ദർശനം നടത്താതെ ഐസക്ക്, സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള അഭയത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിൽ സന്ദർശനം നടത്തിയതാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് മന്ത്രി തോമസ് ഐസക്ക് ജില്ലയിൽ സന്ദർശനത്തിനായി എത്തിയത്. ഇവിടെ എത്തിയ മന്ത്രി ആദ്യം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ സന്ദർശനം നടത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നേരത്തെ കമ്മ്യൂണിറ്റി കിച്ചണെതിരെ വിമർശനം ഉർന്ന സാഹചര്യത്തിൽ ഇവിടുത്തെ കാര്യങ്ങൾ വിലയിരുത്താൻ മന്ത്രി എത്തും എന്നു തന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ, ഇവിടെ മന്ത്രി എത്തിയില്ല.
പകരം, സിപിഎമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന അഭയം കമ്മ്യൂണിറ്റി കിച്ചണിൽ സന്ദർശനം നടത്തനാണ് മന്ത്രി സമയം കണ്ടെത്തിയത്. തിരുനക്കര ക്ഷേത്രത്തിനു മുൻ വശത്തെ ബസന്ത് ഹോട്ടലിലാണ് സിപിഎമ്മിന്റെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. ഇവിടെ എത്തിയ മന്ത്രി പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മടങ്ങുകയും ചെയ്തു. ഇവിടെ നിന്നും നൂറ് മീറ്റർ മാത്രം അകലെയുള്ള നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ കയറാൻ പോലും മന്ത്രി തയ്യാറായതുമില്ല.
കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങൾക്കെതിരെ സിപിഎമ്മും സംസ്ഥാന സർക്കാരും മന്ത്രി തോമസ് ഐസക്കും രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെ നടന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നഗരസഭയെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ തോമസ് ഐസക്ക് കോട്ടയത്ത് എത്തിയിട്ടും നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ ഒഴിവാക്കി കോട്ടയത്തെ സിപിഎമ്മിന്റെ കിച്ചൺ മാത്രം സന്ദർശിച്ചു മടങ്ങുന്നത്.
ഇതിനിടെ സിപിഎമ്മിന്റെ ഒരുവിഭാഗം സൈബർ പോരാളികൾ നഗരസഭ കമ്മ്യൂണിറ്റി കിച്ചൺ അടച്ചു പൂട്ടിയതായുള്ള പ്രചാരണവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇതിനെയെല്ലാം അതിജീവിച്ചാണ് നഗരസഭ ഇപ്പോൾ പോരാട്ടവുമായി മുന്നോട്ടു പോകുന്നത്. ഈസ്റ്റർ ദിനമായ ഞായറാഴ്ച ജെ.സി.ഐയും കമ്മ്യൂണിറ്റി കിച്ചണും സംയുക്തമായി ചേർന്ന് അഞ്ഞൂറിലധികം ബിരിയാണി പൊതികളാണ് പാക്ക് ചെയ്ത് വിതരണം ചെയ്തത്.
ഇത് കൂടാതെ 850 ഓളം അതിഥി തൊഴിലാളികൾക്കു നാലു ദിവസത്തേയ്ക്കുള്ള ഭക്ഷണ സാധനങ്ങളും കിറ്റുകളും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മാർച്ച് 24 ന് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പും, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.