
അപൂർവ്വമാതൃകയിൽ കെ.എം മാണിക്ക് അനുസ്മരണം: വീഡിയോ കോൺഫറൻസ് വഴി അനുസ്മരണ സമ്മേളനം
സ്വന്തം ലേഖകൻ
കോട്ടയം: തങ്ങളുടെ പ്രിയനേതാവ് കെ.എം മാണിയെ അനുസ്മരിക്കാൻ ആധുനിക സാങ്കേതിക വിദ്യയുടെ അപൂർവ്വ മാതൃത തീർത്ത് കേരള കോൺഗ്രസ്സ് (എം). ലോക്ക്ഡൗണിനെത്തുടർന്ന് കെ.എം മാണിയുടെ ആദ്യചരമദിനത്തിൽ അനുസ്മരണ ചടങ്ങുകളെല്ലാം ഒഴിവാക്കേണ്ടിവന്ന സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം 6.30 ന് സൂം എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് വീഡിയോ കോൺഫറൻസിലൂടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
47 രാജ്യങ്ങളിൽ നിന്നുള്ള 177 കേരള കോൺഗ്രസ്സ് നേതാക്കന്മാർ ഒരേ സമയം ഓൺലൈനായി അനുസ്മരണ ചടങ്ങിൽ പങ്കെടുത്തതോടെ ജീവിതത്തിൽ ചരിത്രം സൃഷ്ടിച്ച കെ.എം മാണിയുടെ അനുസ്മരണവും ചരിത്രമായി മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസികളായ കേരള കോൺഗ്രസ്സ് പ്രവർത്തകരെ സംബന്ധിച്ച് തീവ്രമായ ആത്മബന്ധം പുലർത്തിയ തങ്ങളുടെ നേതാവിന്റെ അനുസ്മരണത്തിൽ കേരളത്തിലെ പാർട്ടി പ്രവർത്തകർക്കൊപ്പം പങ്കാളികളാകാൻ കഴിഞ്ഞത് വികാരപരമായ അനുഭവമായി മാറി.
അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ കോവിഡിനെത്തുടർന്ന് നേരിടുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
തോമസ് ചാഴിക്കാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ, പ്രൊഫ. എൻ ജയരാജ്, സ്റ്റീഫൻ ജോർജ് എക്സ്.എം,എൽ.എ, പി.എം മാത്യു എക്സ്.എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അലക്സ് കോഴിമല, മുഹമ്മദ് ഇക്ക്ബാൽ, അഡ്വ.പ്രമോദ് നാരായൺ, പ്രവാസി കേരള കോൺഗ്രസ്സ് യു.എ.ഇ ചാപ്റ്റർ എബ്രഹാം പി.സണ്ണി എന്നിവർ സംസാരിച്ചു.
അനുസ്മരണ ചടങ്ങിന്റെ സാങ്കേതിക സംവിധാനങ്ങൾ സിറിയക്ക് ചാഴികാടന്റെ നേതൃത്വത്തിലുള്ള ടീമാണ് സജ്ജമാക്കിയത്.