Saturday, May 17, 2025
HomeCinemaസിനിമ ഓടാൻ നെട്ടോട്ടം..! സിനിമയില്ലാതായതോടെ പട്ടിണി; സർക്കാരിന്റെയും താരങ്ങളുടെയും കരുതൽ എത്തിയിട്ടില്ല; ഫിലിം റെപ്രസെന്റിറ്റീവുമാർ ദുരിതത്തിൽ

സിനിമ ഓടാൻ നെട്ടോട്ടം..! സിനിമയില്ലാതായതോടെ പട്ടിണി; സർക്കാരിന്റെയും താരങ്ങളുടെയും കരുതൽ എത്തിയിട്ടില്ല; ഫിലിം റെപ്രസെന്റിറ്റീവുമാർ ദുരിതത്തിൽ

Spread the love

അപ്‌സര കെ.സോമൻ

കൊച്ചി: സൂപ്പർ ഹിറ്റ് സിനിമകളുടെയെല്ലാം പിന്നിൽ നെട്ടോട്ടം ഓടുന്ന ഫിലിം റെപ്രസെന്റിറ്റീവുമാരുടെ ജീവിതം കൊറോണക്കാലത്ത് വമ്പൻ ഫ്‌ളോപ്പ്..!  തീയറ്ററുകൾ അടച്ചിട്ടതോടെ പട്ടിണിയുമായി പടവെട്ടുകയാണ് കൊറോണക്കാലത്ത് ആയിരത്തോളം വരുന്ന ഫിലിം റെപ്രസെന്റിറ്റീവുമാർ. താര സംഘടനകളുടെയോ, സൂപ്പർ താരങ്ങളുടെയോ.. സിനിമാ സംഘടനകളുടെയോ സഹായം ലഭിക്കാത്ത ഇവർക്കു സർക്കാരിനോട് അവകാശവാദമുന്നയിക്കാൻ പോലും ആരുമില്ലാത്ത സ്ഥിതിയാണ്.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് തന്നെ സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചു പൂട്ടിയിടാൻ  സർക്കാർ തീരുമാനിച്ചിരുന്നു. കൊറോണ വ്യാപനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമാണ് തീയറ്ററുകളെന്നു കണ്ടെത്തിയതിനെ തുടർന്നാണ് മാർച്ച് ആദ്യവാരം തന്നെ സംസ്ഥാന സർക്കാർ തീയറ്ററുകൾക്കു പൂട്ടിട്ടത്. ഇതേ തുടർന്നു സിനിമാ പ്രദർശനവും , നിരവധി ചിത്രങ്ങളുടെ ചിത്രീകരണവും ഏതാണ്ട് പൂർണമായും മുടങ്ങി.

നാനൂറു രൂപ മാത്രം ദിവസക്കൂലിക്കു ജോലി ചെയ്യുന്നവരാണ് ഈ ഫിലിം റെപ്രസെന്റിറ്റീവുമാർ. ഇവരാകട്ടെ യാതൊരു സിനിമാ സംഘടനയുടെയും ഭാഗവുമല്ല. അതുകൊണ്ടു തന്നെ ഇവർക്കു വേണ്ടി സംസാരിക്കാൻ ഒരു സംഘടനയും രംഗത്ത് വന്നിട്ടില്ല. സിനിമാ സംഘടനകളും, താരങ്ങളും അടക്കമുള്ളവർ ഫെഫ്ക്കയ്ക്കാണ് ധനസഹായം കൈമാറിയിരിക്കുന്നത്. ഈ സഹായം  ഫിലിം റെപ്രസെന്റിറ്റീവുമാർക്ക് ലഭിക്കാറില്ല.

കഴിഞ്ഞ ഒരു മാസത്തോളമായി ഇവരുടെ പ്രൊവിഡന്റ് ഫണ്ടും അടച്ചിട്ടില്ല. ഇവരിൽ ഇരുനൂറിൽ താഴെ ആളുകൾ മാത്രമാണ് പെൻഷൻ കൈപ്പറ്റുന്നത്. ബാക്കിയുള്ളവർ പട്ടിണിയുടെ നടുക്കയത്തിലാണ്. ഈ ആവശ്യം ഉന്നയിച്ച് ഫിലിം ചേംബർ അടക്കമുള്ള സംഘടനകൾ സർക്കാരിനെ സമീപിക്കുന്നതിന് ഒരുങ്ങുന്നുണ്ട്.  ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ടിന്റെ നേതൃത്വത്തിൽ ഫിലിം റെപ്രസെന്റിറ്റീവുമാരെ സഹായിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ചെറുതെങ്കിലും ഇവർക്കു ഗുണപ്രദമായ തുക കണ്ടെത്തി വിതരണം ചെയ്യാനുള്ള നീക്കമാണ് ഇപ്പോൾ സജി നന്ത്യാട്ട് അടക്കമുള്ളവർ നടത്തുന്നത്.

കൊറോണക്കാലം മാറി സന്തോഷകരമായ ലോകം തിരികെ ലഭിക്കുമ്പോൾ, ഈ ഫിംലിം റെപ്രസെന്റിറ്റീവുമാരും ഒപ്പമുണ്ടാകണമെങ്കിൽ നമുക്ക് ഒത്തു ചേർന്ന് ഇവരെ ജീവിതത്തിലേയ്ക്കു മടക്കി കൊണ്ടു വരാം എന്ന സന്ദേശമാണ് ഇപ്പോൾ സജി നന്ത്യാട്ട് അടക്കമുള്ളവർ നൽകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments