ഇനി അവൾ കേരളത്തിന്റെ പ്രതീക്ഷ; കുരിശടിക്ക് സമീപത്ത് നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിന് പ്രതീക്ഷയെന്ന് പേരിട്ടു : സംഭവം വിഴിഞ്ഞത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുരിശടിക്ക് സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് ഇനി കേരളത്തിന്റെ പ്രതീക്ഷയായി വളരും. വിഴിഞ്ഞം ചൊവ്വരയിലെ കുരിശടിക്ക് സമീപത്ത് നിന്നും കണ്ടെത്തിയ അഞ്ച് ദിവസം പ്രായമായ ചോരക്കുഞ്ഞിന് ‘പ്രതീക്ഷ’ എന്ന് പേരിട്ടു.
ശനിയാഴ്ചയാണ് അഞ്ച് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കുരിശടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ നാട്ടുകാരനായ യുവാവാണു കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്ന നിലയിൽ ആയിരുന്നു. കൂടാതെ നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചിരുന്നു.
നിർജ്ജലീകരണം സംഭവിച്ചു എന്നതൊഴിച്ചാൽ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്നു അധികൃതർ പറഞ്ഞു. പൊക്കിൾക്കൊടിയിൽ ക്ലിപ് ഉള്ളതിനാൽ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.