
പൊലീസിനും വേണം കരുതൽ..! കൊറോണയെ പ്രതിരോധിക്കാൻ തെരുവിലിറങ്ങിയ പൊലീസിനു ഓറഞ്ചും വെള്ളവും മാസ്കും നൽകി യൂത്ത് കോൺഗ്രസ്
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്ത് രോഗം പടരാതിരിക്കാൻ കേരളത്തിലെ തെരുവുകളിൽ വെയിലും മഴയുമേറ്റ് കാവൽ നിൽക്കുകയാണ് കേരള പൊലീസ്. മഴയും വെയിലും ഏറ്റ് നടുറോഡിൽ നിൽക്കുമ്പോഴും സാധാരണക്കാരും രാഷ്ട്രീയക്കാരും ഒരു പോലെ പൊലീസിനെ പഴി പറയുന്നു. പൊലീസിനെ പഴി പറയുന്ന രാഷ്ട്രീയക്കാരിൽ നിന്നു തന്നെ കൊറോണക്കാലത്ത് പൊലീസിന് സഹായം ലഭിച്ചാലോ..! അത്തരം ഒരു കാഴ്ചയാണ് ശനിയാഴ്ച കോട്ടയം കണ്ടത്.
കൊറോണക്കാലത്ത് പൊലീസിനു ഓറഞ്ചും, വെള്ളവും മാസ്കും നൽകി മനസും ശരീരവും തണുപ്പിച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോട്ടയം നഗരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണവും വെള്ളവും സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത വേനൽ ചൂടിനെ പോലും വക വെക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കുപ്പിവെള്ളം, മാസ്കുകൾ, ഓറഞ്ചു് തുടങ്ങിയവ ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ നിർമ്മൽ ബോസ്,എന്നിവർക്കു കൈമാറി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ ചിന്റു കുര്യൻ ജോയ്, നിയോജകമണ്ഡലം പ്രസിഡന്റ രാഹുൽ മറിയപ്പള്ളി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോണി ജോസഫ് യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്, ഗൗരി ശങ്കർ, നിഷാന്ത്, അനൂപ് അബുബക്കർ, സുബിൻ കൊല്ലാട്, ജിജി മൂലംകുളം, ആൽബിൻ, യദു സി നായർ തുടങ്ങിയവർ പങ്കെടുത്തു.