
ലോക്ക് ഡൗൺ : പണത്തിനു ആവശ്യമുണ്ടോ? എങ്കിൽ ബാങ്കിലും എടിഎമ്മിലും വരിനിൽക്കണ്ട; പണം പോസ്റ്റുമാൻ വീട്ടിലെത്തിച്ച് നൽകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാങ്കുകളിലോ എടിഎമ്മിലോ പോകാതെ പണം പിൻവലിക്കാൻ സൗകര്യമൊരുക്കി നൽകി പോസ്റ്റ് ഓഫീസ്. കോറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെൻറ്‌സ് ബാങ്ക് (ഐപിപിബി) സംവിധാനം
വിപുലപ്പെടുത്തിയാണ് ആളുകൾക്ക് പണം വീട്ടിലെത്തിക്കുന്നത്. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകി.ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് മാസ്സ്റ്റർ ജനറലിന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്ക് അക്കൗണ്ട് അധാറുമായി ബന്ധിപ്പിച്ചവർക്കാണ് പണം പിൻവലിക്കാൻ സാധിക്കുക.ബയോ മെട്രിക് സംവിധാനം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പണം പിൻവലിക്കേണ്ടവർ പോസ്റ്റ് ഓഫീസിൽ വിവരം ധരിപ്പിക്കണം.
പോസ്റ്റുമാനോ പോസ്റ്റുവുമണോ പണവുമായി വീട്ടിലെത്തും. ഇതിനായി ഇടപാടുകാർ ആദ്യം ആധാർ നമ്പറും അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും നൽകണം. ഇതിനു ശേഷം അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് ഒടിപി വരും.
ഇത് പോസ്റ്റൽ ജീവനക്കാരന് കൈമാറണം. ഇതിനു ശേഷം ബയോമെട്രിക് യന്ത്രത്തിൽ കൈവിരൽ പതിപ്പിക്കണം. ഇതോടെ നിങ്ങൾക്ക് ആവശ്യമുള്ള തുക അക്കൗണ്ടിൽനിന്നും പിൻവലിക്കപ്പെടും.
ഈ പദ്ധതി വഴി ഒരു ദിവസം 10000 രൂപയാണ് പിൻവലിക്കാൻ സാധിക്കുക. സേവനങ്ങൾക്ക് ഒരു വിധത്തിലുമുള്ള ചാർജും ഈടാക്കുന്നതല്ലെന്ന് പോസ്റ്റൽ ഡയറക്ടർ സയ്ദ് റഷീദ് വ്യക്തമാക്കി.
ബയോമെട്രിക് യന്ത്രത്തിൽ ഇടപാടുകാർ കൈവിരൽ അമർത്തുന്നതിനു മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണമെന്ന നിബന്ധനയുമുണ്ട്.
ബാങ്കുകളിലെ തിരിക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതി കൊറോണയുടെ പശ്ചാത്തലത്തിൽ വിപുലപ്പെടുത്താൻ ആലോചിക്കുകയായിരുന്നു.
സർക്കാർ പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിൽ വരുത്തുകയാണ്. സഹകരണബാങ്ക് അക്കൗണ്ടുകളിലെ പണം ഈ സംവിധാനത്തിലൂടെ പിൻവലിക്കാൻ സാധിക്കില്ല.