ബംഗാളികളെ ഇളക്കിവിട്ട് കേരളം കുട്ടിച്ചോറാക്കാൻ ഇറങ്ങിയതിനു പിന്നിൽ ഒരേ ശക്തികൾ: പായിപ്പാട്ടും ഏറ്റുമാനൂരിലും ഇതര സംസ്ഥാനക്കാരെ ഇളക്കാൻ ശ്രമിച്ചവരുടെ ലക്ഷ്യം ഒന്ന്: ബംഗാളികൾ ഇടഞ്ഞോടിയാൽ, വാടകയും ലാഭിക്കാം, കേരളത്തെയും തകർക്കാം..!
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഒരാഴ്ചയുടെ ഇടവേളയ്ക്കിടെ ഏറ്റുമാനൂരിലും പായിപ്പാട്ടും നടന്ന ബംഗാളി കലാപ ശ്രമത്തിനു പിന്നിൽ ലക്ഷ്യങ്ങൾ ഏറെ. രണ്ടിനു പിന്നിലും ഒരേ ശക്തികൾ തന്നെയാണ് എന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ബംഗാളികളെ ദിവസങ്ങളോളം പണിയെടുപ്പിച്ച്, വൻ വാടകയ്ക്കു തുച്ഛമായ സൗകര്യങ്ങളിൽ പാർപ്പിച്ച ശേഷം അവർക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ ഇവരെ നാടുകടത്താൻ ശ്രമിക്കുന്ന കെട്ടിട ഉടമകളുടെ കുബുദ്ധി തന്നെയാണ് രണ്ടിടത്തും പ്രശ്‌നങ്ങൾക്കു കാരണമായത്.
ഏറ്റുമാനൂരിൽ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് നഗരസഭ 18 -ാം വാർഡിലെ മുൻ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും ഇപ്പോൾ ബിജെപി പ്രവർത്തകനുമായ ഏറ്റുമാനൂർ പെരുമാലിൽ മോൻസി പി.തോമസാ(49)ണ്. ഇയാളുടെ കെട്ടിടത്തിൽ നാൽപ്പതിലേറെ തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഇവർ കലാപത്തിനു ശ്രമിക്കുന്നതായി തെറ്റായ വിവരം പൊലീസിൽ അറിയിച്ചാണ് ഇയാൾ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ, കൃത്യ സമയത്ത് പൊലീസ് ഇടപെട്ടതോടെയാണ് പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സാധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് തന്നെയാണ് പായിപ്പാട്ടും സംഭവിച്ചത് എന്നാണ് വ്യക്തമായ സൂചന ലഭിക്കുന്നത്. മാർച്ച് 29 ഞായറാഴ്ചയാണ് പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൽ ലോക്ക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സംഭവത്തിന പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കു താമസത്തിനു ക്രമീകരണം ഒരുക്കിയിരുന്ന കെട്ടിടം ഉടമകളാണെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. രണ്ട് രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവർ ഇവർക്കു വേണ്ട പിൻതുണ നൽകുകയും ചെയ്തിരുന്നു.
ഏറ്റുമാനൂരിലേതിനു സമാനമായി തൊഴിലാളികൾ പ്രതിസന്ധിയിലാണ് എന്ന രീതിയിലുള്ള സന്ദേശം സംഭവത്തിനു തലേന്നു പായിപ്പാട് നിന്ന് പൊലീസിനും മാധ്യമങ്ങൾക്കും ലഭിച്ചിരുന്നു. ഇതേ തുടർന്നു കൃത്യ സമയത്ത് ഇടപെട്ട ജില്ലാ ഭരണകൂടവും ചങ്ങനാശേരി തഹസീൽദാരും ഇതര സംസ്താന തൊഴിലാളികൾക്ക് അന്നു തന്നെ ഭക്ഷണം എത്തിച്ചു നൽകാൻ ക്രമീകരണം ഒരുക്കി. കെട്ടിടം ഉടമകൾ തന്നെ ഭക്ഷണം ക്രമീകരിച്ചു നൽകണമെന്നും, താമസത്തിന് വാടക വാങ്ങരുതെന്നും മൊബൈൽ ഫോൺ ചെയ്യാൻ ക്രമീകരണം ഒരുക്കണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ഇതിനെല്ലാം എതിർപ്പ് ഉയർത്തിയ ഒരു വിഭാഗമാണ് ഞായറാഴ്ച ഇതര സംസ്ഥാനക്കാരെ തെരുവിലിറക്കിയതെന്നാണ് സൂചന ലഭിക്കുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഇടപെടലുണ്ടെന്നും കൃത്യമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. സമാന രീതിയിലുള്ള നീക്കം തന്നെയാണ് ഇപ്പോൾ ഏറ്റുമാനൂരിലും കണ്ടത്. പക്ഷേ പൊലീസിന്റെ കൃത്യമായ ജാഗ്രതയാണ് എല്ലാം പൊളിച്ചു കളഞ്ഞത്.
രണ്ടു സംഭവങ്ങൾക്കു പിന്നിലും ഏതു വിധേനയും കേരളത്തെ അപമാനിക്കാൻ നടക്കുന്ന ചില സംഘടനകളുടെ ആളുകളും നേതാക്കളും ഉണ്ടെന്നതാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇവരിലേയ്ക്കു എത്തുന്നതിനുള്ള കൃത്യമായ സൂചനകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.