play-sharp-fill
നാട് പട്ടിണിയിലായിട്ടും റേഷൻ കടകളിൽ കരിഞ്ചന്ത: പനമ്പാലത്തെ റേഷൻ കടയിൽ നിന്നും മറിച്ചു വിറ്റത് പത്തു കിലോ ഗോതമ്പ്; കരിഞ്ചന്തയ്ക്കും കള്ളപ്പണക്കാർക്കുമെതിരെ കർശന നടപടിയുമായി വിജിലൻസ്

നാട് പട്ടിണിയിലായിട്ടും റേഷൻ കടകളിൽ കരിഞ്ചന്ത: പനമ്പാലത്തെ റേഷൻ കടയിൽ നിന്നും മറിച്ചു വിറ്റത് പത്തു കിലോ ഗോതമ്പ്; കരിഞ്ചന്തയ്ക്കും കള്ളപ്പണക്കാർക്കുമെതിരെ കർശന നടപടിയുമായി വിജിലൻസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാട് പട്ടിണിയിലായിട്ടും യാതൊരുമയവും കരുണയും കാട്ടാതെ റേഷൻ കട ഉടമകൾ. സാധാരണക്കാർ ജോലിയില്ലാതെ വിഷമിക്കുമ്പോൾ, കിട്ടുന്ന അവസരം മുതലെടുത്ത് അരിയും സാധനങ്ങളും മറിച്ചു വിൽക്കുകയാണ് ഒരു വിഭാഗം റേഷൻ കട ഉടമകൾ. കൊള്ളയടിക്കാനുള്ള റേഷൻ കട ഉടമകളുടെ നീക്കത്തിൽ ഒരു വിഭാഗം ഉദ്യോഗസ്ഥരും കൂട്ടു നിൽക്കുന്നുണ്ട്.

ഇതിനു തടയിടുന്നതിനായി വിജിലൻസ് രംഗത്തിറങ്ങിയതോടെ പിടികൂടിയത് റേഷൻ കടയിലെ തട്ടിപ്പാണ്. ആർപ്പുക്കര പനമ്പാലത്തെ മേരിക്കുട്ടി അലക്‌സ് എന്നയാളുടെ പേരിലുള്ള റേഷൻ കടയിൽ നിന്നാണ് പത്തു കിലോ ഗോതമ്പ് മറിച്ചു വിറ്റത്. ഇവരുടെ പേരിലുള്ള എ.ആർ.ഡി 333 -ാം നമ്പർ കടയിൽ നിന്നാണ് റേഷൻ സാധനങ്ങൾ മറിച്ചു വിറ്റതായി വിജിലൻസ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ കടയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതിനുള്ള നിർദേശം ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന് വിജിലൻസ് സമർപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം റിപ്പോർട്ട് പരിശോധിച്ച ശേഷം ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതിനായി താലൂക്ക് സപ്ലൈ ഓഫിസർക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി ലൈസൻസ് സസ്‌പെന്റ് ചെയ്യും.

വിജിലൻ്‌സ് ഇൻസ്‌പെക്ടർ ഡി.എസ്. ഇന്ദ്രരാജ്, കോട്ടയം താലൂക്ക് റേഷൻ ഇൻസ്‌പെക്ടർ ജൂബി വിൽസണ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ബുഹാരി, വിജിലൻസ് എ.എഎ.എസ്.ഐ. സ്റ്റാൻലി തോമസ്, ബിനു ഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. റേഷൻ കടകളിൽ മാത്രമല്ല അമിത വിലയീടാക്കുന്ന സ്ഥാപനങ്ങളിലും അടുത്ത ദിവസങ്ങളിൽ വിജിലൻസ് സംഘം പരിശോധന നടത്തും.

കൊറോണക്കാലമായതോടെ സാധാരണക്കാരെ പിഴിയാനുള്ള നീക്കമാണ് നഗരത്തിലെ പല സ്ഥാപനങ്ങളും നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലോഡ് വരുന്നില്ലെന്നു ചൂണ്ടിക്കാട്ടി വൻ തോതിൽ വില ഈടാക്കുകയാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിജിലൻസിന്റെ പരിശോധനയിൽ പല സ്ഥലത്തും വൻ തോതിൽ അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഗ്രാമീണ മേഖലയിൽ നിന്നെത്തുന്ന ആളുകളെയാണ് കൊറോണയുടെ പേരിൽ കബളിപ്പിച്ച് അമിത വില ഈടാക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ റേഷൻ കടകളുടെ പേരിൽ നടക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കാൻ വിജിലൻസിന്റെ ശക്തമായ ഇടപെടൽ വേണമെന്നാണ് ആവശ്യം.

റേഷൻ കടകളിൽ വാങ്ങാത്ത സാധനങ്ങളുടെ ബില്ലും അടിച്ചു നൽകി തട്ടിപ്പും നടക്കുന്നുണ്ട്. ഇപ്പോൾ പല വീടുകളിൽ നിന്നും സ്ഥിരമായി സാധനം വാങ്ങാനെത്താത്തവരാണ് എത്തുന്നത്. ഈ പഴുത് മുതലെടുത്തും, വിരലടയാളം പതിപ്പിയേക്കെണ്ടെന്ന പഴുതിലൂടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇവർക്ക് പല സാധനങ്ങളും നൽകാതെ ബിൽ അടിച്ച ശേഷം ഇത് മറിച്ചു വിൽക്കുന്ന റേഷൻ കട ഉടമളും ജില്ലയിൽ സജീവമാണ്.