അപേക്ഷ എഴുതാൻ പേന പോലും നൽകാത്ത ബാങ്കുകാർ മൂന്നു മാസം വായ്പ ഇളവ് നൽകുമോ..! കൊറോണക്കാലത്ത് ബാങ്കുകളെയും മോറട്ടോറിയത്തെയും പേടിക്കേണ്ട..! റിസർവ് ബാങ്ക് പറയുന്നത് ബാങ്കുകൾ കേട്ടാൽ നിങ്ങൾക്ക് നൽകേണ്ടി വരിക നേരിയ പലിശ മാത്രം; മൂന്നു മാസം ഇ.എം.ഐ അടച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല; വിദഗ്ധർ പറയുന്നത് ഇങ്ങനെ തേർഡ് ഐ ന്യൂസ് ലൈവിൽ വായിക്കാം
ഫിനാൻസ് ഡെസ്‌ക്
കോട്ടയം: കൊറോണക്കാലത്ത് സാധാരണക്കാർ അടക്കമുള്ളവരുടെ പ്രധാന സംശയമാണ് ഇ.എം.ഐ അടയ്ക്കണോ വേണ്ടയോ എന്നത്. റിസർവ് ബാങ്ക് പറഞ്ഞാൽ പോലും ബാങ്കുകളെ പൂർണമായും വിശ്വസിക്കാൻ മലയാളി ഇനിയും തയ്യാറായിട്ടില്ല. അപേക്ഷ എഴുതാനുള്ള പേനയുടെ അറ്റത്ത പോലും കെട്ടിട്ടു നൽകുന്ന ബാങ്കുകളെ സുഹൃത്തായി ഇനിയും മലയാളി കണ്ടു തുടങ്ങിയിട്ടില്ല. കൊറോണക്കാലത്തിനു ശേഷം മടങ്ങിയെത്തുന്ന ബാങ്കുകൾ പലിശയും കൂട്ടുപലിശയും ഒന്നിച്ചീടാക്കി ഇടപാടുകാരെ വലിപ്പിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
എന്നാൽ, ഇത്തരം ആശങ്കകൾക്ക് ഒന്നും കാര്യമില്ലെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധർ പറയുന്നത്. ബാങ്കിങ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യധാരാ മാധ്യമങ്ങളിൽ പോലും ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകൾക്ക് റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തെക്കുറിച്ച് തെറ്റിദ്ധാരണ ജനകമായ വാർത്തകളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. മോറട്ടോറിയത്തിൻറെ ആനുകൂല്യം ആളുകൾ ഉപയോഗിച്ചാൽ അത് ഭീകരമായ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുക എന്ന തരത്തിലാണ് പൊതുജനങ്ങൾക്കു മുമ്പിൽ കണക്കുകൾ അവതരിപ്പിക്കപ്പെടുന്നത്. ഈയൊരു പശ്ചാത്തലത്തിൽ യാഥാർഥ്യബോധത്തോടെ കൂടി കാര്യങ്ങൾ വിശദീകരിക്കുക എന്ന് ഉദ്ദേശശുദ്ധിയിൽ ആണ് ഞാൻ ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്.
ഒരു രാജ്യത്തെ ജനങ്ങളുടെകയ്യിലെ പണ ലഭ്യത കൂട്ടുവാൻ അപ്പക്സ് ബാങ്ക് നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കുന്ന തരത്തിലാണ് മേൽപ്പറഞ്ഞവരുടെ ഭാഗത്തു നിന്നുള്ള ലേഖനങ്ങളും, ആ ലേഖനങ്ങൾക്ക് ആധാരമായി ബാങ്കുകളുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങളും എൻജിനീയർ ചെയ്യപ്പെട്ടിട്ടുള്ളത്.
വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുൻപായി എന്താണ് ഇപ്പോൾ റിസർവ് ബാങ്ക് മുന്നോട്ടു വെച്ചിരിക്കുന്ന മൊറട്ടോറിയം എന്ന് മനസ്സിലാക്കണം. 2020 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ഉപഭോക്താവ് അടയ്ക്കേണ്ട തവണകൾ അടയ്ക്കുന്നതിന് സാവകാശം അനുവദിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് ആണ് റിസർവ് ബാങ്ക് നടപ്പിലാക്കിയത്. സാമ്പത്തിക മാന്ദ്യകാലത്ത് വിപണിയിൽ പണലഭ്യത വർദ്ധിപ്പിക്കുവാനുള്ള ഒരു ഇടപെടൽ കൂടിയാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ.
എങ്ങനെയാണ് മൊറട്ടോറിയം വിപണിയിലെ പണലഭ്യത വർദ്ധിപ്പിക്കുന്നത് എന്ന് ആദ്യം വിശദമാക്കാം. 10,000 രൂപയാണ് നിങ്ങളുടെ മാസത്തവണ എന്ന് വിചാരിക്കുക. അങ്ങനെ വരുമ്പോൾ മൂന്നു മാസം തവണ അടയ്ക്കുന്നതിന് ഇളവ് ലഭിച്ചാൽ മുപ്പതിനായിരം രൂപ നിങ്ങളുടെ വരുമാനത്തിൽ നിങ്ങൾക്ക് നീക്കിയിരിപ്പ് ഉണ്ടാകും. സ്വാഭാവികമായും നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുവാൻ ഈ പണം നിങ്ങൾ ഉപയോഗിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ വഴി ഈ പണം വിപണിയിൽ എത്തിച്ചേരും. വ്യാപാര സ്ഥാപനങ്ങൾക്ക് പിടിച്ചുനിൽക്കാൻ ഇത് വലിയതോതിൽ സഹായകമാകും.
ഇത് പറയുമ്പോൾ ഇളവ് കിട്ടിയ ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല എന്ന് അർത്ഥം ഇല്ല മറിച്ച് പലിശസഹിതം തിരിച്ചടക്കുക തന്നെ വേണം. പക്ഷേ മൂന്നു മാസങ്ങൾക്കുശേഷം ഈ തുക നിങ്ങൾ ഒരിക്കലും ഒറ്റത്തവണയായി അടയ്ക്കേണ്ടി വരില്ല.
എങ്ങനെയാണ് മൊറട്ടോറിയം ലഭിച്ച തുകയുടെ തിരിച്ചടവ് ബാങ്കുകൾ ക്രമീകരിക്കുന്നത് എന്നാണ് താഴെ വിശദീകരിക്കുന്നത്. പ്രധാനമായും രണ്ടു രീതിയിലാണ് ബാങ്കുകൾ മൊറട്ടോറിയം കാലഘട്ടത്തിൽ തിരിച്ചടയ്ക്കേണ്ടി ഇരുന്ന തുകയുടെ തിരിച്ചടവ് ക്രമീകരിക്കുന്നത്.
1. ഉദാഹരണമായി നിങ്ങളുടെ ഭവനവായ്പയുടെ മാസ തിരിച്ചടവ് 33333.33 രൂപ എന്നു കണക്കാക്കിയാൽ മൂന്നു മാസത്തെ തിരിച്ചടവ് ഒരു ലക്ഷം രൂപയാകും. ചില ബാങ്കുകൾ ഭവനവായ്പയുടെ തിരിച്ചടവ് മോറട്ടോറിയതിനു ശേഷമുള്ള കാലഘട്ടത്തിൽ മുൻപത്തേതു പോലെ തന്നെ നിലനിർത്തുകയും, മോറട്ടോറിയം ലഭിച്ച കാലഘട്ടത്തിലെ തുക ഒരു പുതിയ വായ്പയായി കണക്കാക്കുകയും ചെയ്യും. അതായത് നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ പുതിയ ഒരു വായ്പ അനുവദിക്കുന്നു. അതിൻറെ തിരിച്ചടവ് കാലാവധി അഞ്ചു വർഷമായി ക്രമീകരിക്കുന്നു എന്ന് കരുതുക. എന്നുപറഞ്ഞാൽ നിങ്ങൾ മൂന്നുമാസം അടക്കാതിരുന്ന തുകയും അതിനുമേൽ നിങ്ങളുടെ തിരിച്ചടവ് കാലഘട്ടത്തിലെ പലിശയും ചേർന്നാണ് ഈ പുതിയ വായ്പയുടെ മാസത്തവണ ക്രമീകരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്ന EMI Calculator ഉപയോഗിച്ച് ഒരു ലക്ഷം രൂപയുടെ ഈ പുതിയ വായ്പയ്ക്ക് അഞ്ചു വർഷം തിരിച്ചടവ് കാലാവധിയും, വാർഷിക പലിശ 12 ശതമാനം എന്നും കണക്കാക്കിയാൽ നിങ്ങൾക്ക് ഈ പുതിയ വായ്പയിൽ മേൽ ഉണ്ടാകുന്ന മാസത്തവണ 2224 രൂപയും, അഞ്ചുവർഷം കൊണ്ട് നിങ്ങൾ പലിശ ഇനത്തിൽ അടയ്ക്കുന്ന തുക 33467 രൂപയുമാണ്. അതായത് നിങ്ങൾ മൂന്നു മാസത്തെ മൊറട്ടോറിയം ആനുകൂല്യം ഉപയോഗിക്കുമ്പോൾ ( 100000 രൂപ ) നിങ്ങൾ അഞ്ചുവർഷം കൊണ്ട് തിരിച്ചടയ്ക്കേണ്ട തുക 133467 രൂപയാണ്. അതിൽ നിന്ന് നിങ്ങൾ ഇപ്പോൾ അടയ്ക്കേണ്ട മൂന്നുതവണ കളുടെ ആകെ തുകയായ ഒരു ലക്ഷം രൂപ കുറച്ചാൽ നിങ്ങൾക്ക് വരുന്ന അധികബാധ്യത 33467 രൂപ അഥവാ നിങ്ങളുടെ ഒരു മാസത്തെ EMI ക്കാൾ കേവലം 167 രൂപ കൂടുതൽ ഉള്ള ഒരു തുക.അഞ്ചു വർഷത്തേക്ക് ഒരു ലക്ഷം രൂപയ്ക്ക് നിങ്ങൾ നൽകുന്ന പലിശ യാണ് ഇത് എന്ന് ഓർക്കുക. 12% പലിശ നിരക്കിലാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. അത് പത്ത് ശതമാനം വാർഷിക പലിശ എന്ന നിലയ്ക്ക് കണക്കാക്കിയാൽ, ഒരു ലക്ഷം രൂപയ്ക്ക് നിങ്ങൾ 127482 രൂപ അഞ്ചുവർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാവും ( 2124.7 രൂപ മാസത്തവണ)
2. മോറട്ടോറിയം കാലത്തിനുശേഷം ചില ബാങ്കുകൾ ആ കാലഘട്ടത്തിലെ തുക നിലവിലുള്ള വായ്പയുടെ മുതൽ ഇനത്തോട് ( Principal Component) ചേർത്തു വയ്ക്കുകയും മുൻപോട്ടുള്ള ഉള്ള മാസതവണകളിൽ ആനുപാതികമായ വർധന വരുത്തുകയും ചെയ്യും. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ മേൽപ്പറഞ്ഞതുപോലെ തന്നെ മൂന്നുമാസത്തെ തിരിച്ചടവ് തുക ഒരു ലക്ഷം രൂപയാണ് എന്ന് കണക്കാക്കുകയും, അതൊരു ഭവനവായ്പാ ആണ് എന്ന് കണക്കാക്കുകയും, അതിന്മേൽ ഇനി അവശേഷിക്കുന്ന കാലാവധി 15 വർഷം അഥവാ 180 മാസങ്ങളാണ് എന്നു കണക്കാക്കുകയും ചെയ്താൽ, സ്റ്റേറ്റ് ബാങ്കിൻറെ വെബ്സൈറ്റിൽ ഉള്ള ഇഎംഐ കാൽകുലേറ്റർ
(EMI Calculator) ഉപയോഗിക്കുമ്പോൾ ഒരു ലക്ഷം രൂപ 15 വർഷം കാലാവധിയിൽ 8 ശതമാനം വാർഷിക പലിശയ്ക്ക് ലഭിച്ചാൽ നിങ്ങളുടെ തിരിച്ചടവിൽ മേൽ ഒരുമാസം ഉണ്ടാകുന്ന വർധന 957 രൂപയും(956.76),
15 വർഷംകൊണ്ട് ഒരു ലക്ഷം രൂപയുടെ വായ്പയ്ക്കുള്ള ആകെ തിരിച്ചടവ് 172017 രൂപയും എന്ന് കണക്കാക്കാൻ സാധിക്കും. ഇതിൽനിന്ന് ഒരുലക്ഷം രൂപ ( വായ്പാ തുക ) കുറവ് വരുത്തിയാൽ പലിശ 72017 രൂപ. അതായത് നിങ്ങളുടെ രണ്ടുമാസത്തെ EMI തുക + 5351 രൂപ. മൂന്നുമാസം കൊണ്ട് നിങ്ങൾക്ക് ഒരു ലക്ഷം രൂപ നീക്കിയിരിപ്പ് ഉണ്ടാകുമ്പോൾ അത് 15 വർഷം കൊണ്ട് മാസത്തവണയിൽ വെറും 957 രൂപയുടെ വർധനയിലൂടെ നിങ്ങൾക്ക് തിരിച്ച് അടച്ചു തീർക്കാം.
# ഈ കണക്കുകൾക്ക് ആധാരമായ എസ്ബിഐയുടെ ഇഎംഐ കാൽകുലേറ്റർ ലിങ്കും ചുവടെ ചേർക്കുന്നു
https://sbi.co.in/web/student-platform/emi-calculator
ഒരു എളിയ അഭ്യർത്ഥനയോടു കൂടി ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഇത്തരത്തിൽ ഒരു ആനുകൂല്യം നിങ്ങൾ പ്രയോജനപ്പെടുത്തിയാൽ നിങ്ങളുടെ നീക്കിയിരിപ്പു മാത്രമല്ല വർദ്ധിക്കുന്നത് മറിച്ച് രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി കൂടിയാണ് മെച്ചപ്പെടുക. അതുകൊണ്ടു തന്നെ യാഥാർഥ്യബോധത്തോടെ കൂടി ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
കടപ്പാട് : തോമസ് ആർ.വി ജോസ്.