അങ്ങിനെ ആരും ലോക്ക്ഡൗൺ കാലത്ത് കള്ളടിക്കേണ്ട: മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; മദ്യത്തെ തടഞ്ഞ് ഹൈക്കോടതി ഉത്തരവ്
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണക്കാലത്ത് മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ നീക്കത്തിന് വൻ തിരിച്ചടി. മദ്യം വിതരണം ചെയ്യാനുള്ള സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയാണ് ഇപ്പോൾ വിലങ്ങിട്ടിരിക്കുന്നത്. മരുന്നായി മദ്യം നൽകേണ്ടെന്ന നിലപാട് സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. കൊറോണക്കാലത്ത് സർക്കാരിന് ഇതോടെ വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
സർക്കാർ ഉത്തരവിനെതിരെ ഡോക്ടർമാരുടെ സംഘടന അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഇപ്പോൾ ഉത്തരവ് വിട്ടിരിക്കുന്നത്. ഹർജി പരിഗണിക്കവെ ഹൈക്കോടതി വാക്കാൽ സർക്കാരിനെ വിമർശിച്ചു. സർക്കാർ ഡോക്ടറാകണ്ട എന്നായിരുന്നു കോടതിയുടെ വിമർശനം. മദ്യം കുറിച്ച് നൽകുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടർമാരുടെ കുറിപ്പിൽ മദ്യം വിതരണം ചെയ്യാനായിരുന്നു സർക്കാർ ഉത്തരവ്. മദ്യ വിഷയത്തിൽ ആദ്യം മുതൽ തന്നെ ബെവ്‌കോ അടച്ചിടാതെ മുന്നോട്ട് പോകാനുള്ള നീക്കമായിരുന്നു സർക്കാർ നടത്തിയിരുന്നത്.
എന്നാൽ ലോക്ക് ഡൗൺ വന്നതോടെ സർക്കാരിന് വേറെ വഴിയില്ലാതായി. മദ്യ നിരോധനത്തിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യകൾ വർദ്ധിച്ചതോടെയാണ് ഡോക്ടർമാരോട് കുറിപ്പടി നൽകാൻ സർക്കാർ ഉത്തരവിട്ടത്. എട്ടു പേരാണ് സംസ്ഥാനത്ത് മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.
മദ്യം കിട്ടാതെ വരുമ്പോൾ രോഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
മദ്യാസക്തർക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂർണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടർമാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സർക്കാർ കോടതിയിൽ പറഞ്ഞത്.
അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു. മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടർമാരെ നിർബന്ധിക്കുന്നില്ലെന്നും സർക്കാർ പറഞ്ഞു.
അതേസമയം ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സർക്കാർ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതയുടെ ചോദ്യം.
സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ടി.എൻ പ്രതാപൻ നൽകിയ ഹർജി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒഎയും കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന്റെ ഉത്തരവ് വിശ്വസിച്ച് സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളാണ് മദ്യം ലഭിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. മദ്യം ലഭിക്കാതെ കേരളത്തിലെ നിരവധി ആളുകളാണ് ആസക്തി പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് സർക്കാർ മദ്യം നൽകാൻ ഇപ്പോൾ ഉത്തരവ് ഇറക്കിയതും. ഇടയ്ക്ക് ഓൺലൈൻ വഴി മദ്യം നൽകാനും സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, പിന്നീട് ഇത് സർക്കാർ ഉപേക്ഷിക്കുകയായിരുന്നു.