play-sharp-fill
ഇന്നലെ പായിപ്പാട് ഇന്നു പെരുമ്പാവൂർ: ലഭിച്ച ആഹാരം തികയുന്നില്ല : ഇതര സംസ്ഥാനക്കാരുടെ പ്രതിഷേധം തുടരുന്നു

ഇന്നലെ പായിപ്പാട് ഇന്നു പെരുമ്പാവൂർ: ലഭിച്ച ആഹാരം തികയുന്നില്ല : ഇതര സംസ്ഥാനക്കാരുടെ പ്രതിഷേധം തുടരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. തിങ്കളാഴ്ച ഉച്ചയോടെ ബംഗാൾ കോളനിയിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. കമ്യൂണിറ്റി കിച്ചൺവഴി കിട്ടിയ ഭക്ഷണം ആവശ്യത്തിന് തികഞ്ഞില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

അതേ സമയം കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്രസർക്കാറിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ട് തേടി. നാളെ തന്നെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശം നൽകി. എന്നാൽ, വിഷയത്തിൽ കേന്ദ്രസർക്കാറിന് നിർദേശങ്ങളോ ഉത്തരവുകളോ നൽകാൻ കോടതി വിസമ്മതിച്ചു. പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്. കേന്ദ്രസർക്കാറിന് നിർദേശങ്ങൾ നൽകി കുടിയേറ്റ തൊഴിലാളികളുടെ പലായനം സംബന്ധിച്ച പ്രശ്‌നം കൂടുതൽ വഷളാക്കാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ ജസ്റ്റിസ് എൽ.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അഭിഭാഷകരായ അലോക് ശ്രീവാസ്തവ, രശ്മി ബൻസാൽ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട ഹരജി . ഡൽഹിയുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും താമസവും ഉറപ്പാക്കണമെന്നായിരുന്നു അലോക് ശ്രീവാസ്തവയുടെ പ്രധാന ആവശ്യം.

 

 

ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറുകളും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനും ഇവരിലൂടെ വൈറസ് ബാധ പടരാതിരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.

 

 

അതേ സമയം വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതിനുള്ള പ്രധാന കാരണം ജോലിയില്ലാതാകുകയും താമസ സസ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്നുള്ള ഭയവുമാണെന്ന് കണ്ടാണ് കേന്ദ്രസർക്കാർ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്.

 

 

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്. കെട്ടിട ഉടമസ്ഥർ പാവപ്പെട്ടവരും ദിവസവേതനക്കാരുമായ തന്റെ വാടകക്കാരിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കാൻ പാടില്ല. അങ്ങനെ ആരെങ്കിലും ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അവർ നടപടികൾ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

 

ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ദിവസവേതനക്കാർക്ക് ഇത്രയും നാൾ കൊടുക്കണ്ട വേതനക്കുടിശ്ശിക യാതൊരു കുറവും വരുത്താതെ എത്രയും പെട്ടന്ന് കൊടുത്തു തീർത്തിരിക്കണമെന്നും നിർദ്ദേശമുണ്ട്.

 

രാജ്യത്ത് മൂന്നാഴ്ചത്തേ ലോക്ക് ഡൗൺ കർശനമായി പാലിക്കുന്നതിന് വിവിധ നിർദ്ദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. ഇതനുസരിച്ച് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും സ്വന്തം ഗ്രാമങ്ങളിൽ എത്തിയവർ 14 ദിവസം വീടുകളിൽ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

 

ഇതിനിടയിൽ പായിപ്പാട് ലോക്ഡൗൺ ലംഘിച്ച് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ബംഗാൾ സ്വദേശിയായ മുഹമ്മദ് റിഞ്ചുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൃത്യമായി തെളിവുലഭിച്ചാൽ ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തൃക്കൊടിത്താനം സി ഐ സാജു വർഗീസ് പറഞ്ഞു.

 

 

പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാൻ ആഹ്വാനം ചെയ്തു എന്ന സംശയത്തെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആളുകൾ കൂട്ടമായി എത്താൻ ഇയാൾ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.കൂടുതൽ തെളിവു ശേഖരണത്തിനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും തൃക്കൊടിത്താനം സി ഐ വ്യക്തമാക്കി.

 

 

ഇന്നലെ വൈകുന്നേരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം അതിഥി തൊഴിലാളികളെ ലോക്ഡൗൺ ലംഘിപ്പിച്ച് പ്രതിഷേധത്തിനെത്തിച്ചതിൽ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണ്. അതേസമയം ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പേർ ലോക്ഡൗൺ ലംഘനം ആസൂത്രണം ചെയ്തതിൽ പങ്കാളികളായിട്ടുണ്ടോ എന്നും വ്യക്തമാകും. 250 ലധികം ക്യാമ്ബുകളിലായി നാലായിരത്തോളം അതിഥി തൊഴിലാളികൾ ഇപ്പോഴും പായിപ്പാടുണ്ട്.