പായിപ്പാട് അതിഥി തൊഴിലാളി പ്രതിഷേധം: പിന്നിൽ ഗൂഡാലോചനയെന്ന് ഉറപ്പിച്ച് ജില്ലാ പൊലീസ് മേധാവി; ഇതരസംസ്ഥാന തൊഴിലാളികളിൽ ഒരാൾ കസ്റ്റഡിയിൽ; അന്വേഷണം ഊർജിതം
സ്വന്തം ലേഖകൻ
കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾക്കിടയിൽ പ്രചാരണം നടത്തി, ഇവരെ പ്രതിഷേധവുമായി തെരുവിലിറക്കിയതിനു പിന്നിൽ ഗുഡാലോചനയുണ്ടെന്നു ഉറപ്പിച്ച് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്. സംഭവവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പശ്ചിമ ബംഗാൾ നാദേശി മുഹമ്മദ് റിഞ്ചുവിനെയാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഗുഡാലോചന വാദം ഉറപ്പിച്ചത്. സംഭവത്തിനു പിന്നിൽ ഗുഡാലോചനയുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇതര സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ കസ്റ്റഡിയിൽ എടുത്ത ആളാണ് ഫോണിലൂടെ അതിഥി തൊഴിലാളികളെ സഘടിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലോക് ഡൗൺ ലംഘിച്ച് ആളുകളെ കൂട്ടം കൂടാൻ പ്രേരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം രാത്രി തന്നെ തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ പൊലീസ് തെരച്ചിൽ നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. എറണാകുളം റേഞ്ച് ഐജി മഹേഷ്‌കുമാർ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ലോക്ക് ഡൗൺ ലംഘിച്ച് ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളാണ് കോട്ടയം പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.
ലോക് ഡൗൺ നിലനിൽക്കുന്നതിനിടെ നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാവിലെ പതിനൊന്ന് മണിയോടെ പായിപ്പാട് കവലയിലേക്ക് ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികൾ സംഘടിച്ചെത്തുകയായിരുന്നു.
കൂട്ടത്തോടെയെത്തിയ തൊഴിലാളികൾ റോഡിൽ കുത്തിയിരുന്നു. ആദ്യ മണിക്കൂറിൽ പൊലീസ് കുറവായിരുന്നതിനാൽ തൊഴിലാളികളെ നിയന്ത്രിക്കാനായില്ല. പിന്നീട് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് കൂടുതൽ പൊലിസെത്തി.
അരമണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കൊടുവിൽ രണ്ട് മണിയോടെ അതിഥി തൊഴിലാളികൾ ക്യാമ്പുകളിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനിടെ ജില്ലാ പൊലീസ് മേധാവിമാർ അതിഥി തൊഴിലാളി ക്യാമ്പുകളിൽ സന്ദർശനം നടത്തി ക്രമീകരണം വിലയിരുത്തണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് പ്രാഥമിക ആവശ്യങ്ങളും ഇവർക്കു നിർവഹിക്കാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.