play-sharp-fill
കോവിഡ് 19 : വ്യാപനം തടയാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളുടെ ഏകോപനവും ശ്രീറാം വെങ്കിട്ടരാമന്; ഇതിനിടയിൽ കേസിൽ നിന്ന് തടിയൂരാൻ സാക്ഷികളേയും സ്വാധീനിക്കാം; ഈ സാഹചര്യത്തിൽ കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെയുള്ള ജീവനക്കാർ മൊഴി മാറ്റാൻ സാധ്യത

കോവിഡ് 19 : വ്യാപനം തടയാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളുടെ ഏകോപനവും ശ്രീറാം വെങ്കിട്ടരാമന്; ഇതിനിടയിൽ കേസിൽ നിന്ന് തടിയൂരാൻ സാക്ഷികളേയും സ്വാധീനിക്കാം; ഈ സാഹചര്യത്തിൽ കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെയുള്ള ജീവനക്കാർ മൊഴി മാറ്റാൻ സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെയുള്ള ജീവനക്കാർ ഇനി ശ്രീംറാം വെങ്കിട്ടരാമനെതിരെ മൊഴി നൽകുമോ സാക്ഷികളെ സ്വാധീനിക്കാനാണ് ശ്രീറാമിന് ആരോഗ്യ വകുപ്പിൽ പിണറായി സർക്കാർ നിയമിച്ചതെന്ന ആക്ഷേപം ശക്തമാകുന്നു.

 

കോവിഡ് 19 വ്യാപനം തടയുന്ന നടപടികൾ ഏകോപിപ്പിക്കുന്ന ചുമതലയുമായി ശ്രീറാം വെങ്കിട്ടരാമൻ ആരോഗ്യവകുപ്പിൽ സേവനം ആരംഭിച്ചു. മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ സർക്കാർ സർവീസിൽ തിരികെ പ്രവേശിപ്പിച്ചിരുന്നു. ശ്രീറാമിന്റെ നിയമനത്തിൽ ആരോഗ്യവകുപ്പിലെ ചില കേന്ദ്രങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി ടോം ജോസ് അനുകൂലമായതോടെ ശ്രീറാമിന് ആരോഗ്യ വകുപ്പ് തന്നെ ജോലി ചെയ്യാൻ അവസരം കിട്ടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ഇദ്ദേഹം കോവിഡ് 19 രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനച്ചുമതലയാണ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളിലും പങ്കെടുത്തുവരുന്നു. കാറിടിച്ചു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ആരോഗ്യവകുപ്പിലെ ഉൾപ്പെടെയുള്ള ജീവനക്കാർ സാക്ഷികളായി മൊഴി നൽകേണ്ടതിനാൽ, അത്തരം കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെ അതേ വകുപ്പിൽ നിയമിക്കുപ്പോൾ കേസിനു മുന്നോട്ട് ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

 

അപകടസമയത്ത് താൻ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാർ ഓടിച്ചതെന്നുമാണ് ശ്രീറാം പൊലീസിനോട് പറഞ്ഞത്. കൂടാതെ പൊലീസിനൊപ്പം മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്ന ശ്രീറാം അപകടത്തിൽ തനിക്ക് പരിക്കേറ്റു, ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു പൊലീസുകാരനൊപ്പം ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ കാര്യമായ പരിക്ക് ഇല്ലാതിരുന്നിട്ടും

 

തുടർ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യണമെന്ന് ശ്രീറാം ആവശ്യപ്പെട്ടു. പരിശോധനയിൽ ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോ. രാകേഷ് എസ് കുമാർ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പൊലീസ് ക്രൈം എസ് ഐ മൊഴി നൽകി.

 

 

ശ്രീറാം തന്റെ സുഹൃത്തായ ഡോ. അനീഷ് രാജിനെ വിളിച്ചു വരുത്തി ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകാതെ പൊലീസിന്റെ കണ്ണുവെട്ടിച്ച് സുഹൃത്തിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു. കിംസിൽ ചികിസക്കായി എത്തിയ ശ്രീറാം താൻ ഓടിച്ചിരുന്ന കാർ ബൈക്കിലിടിച്ച് ബഷീറിന് അപകടമുണ്ടായ കാര്യം ബോധപൂർവം മറച്ചു വെച്ചു. കിംസിലെ ഡോക്ടറുടെ മൊഴിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി. കാർ മതിലിൽ ഇടിച്ചാണ് തനിക്ക് പരുക്കേറ്റതെന്നും താൻ സഹയാത്രികനായിരുന്നുവെന്നുമാണ് ശ്രീറാം ഡോക്ടർമാരോട് പറഞ്ഞത്.

 

കിംസ് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. മാസൽവോ ഗ്ലാഡി ലൂയിസ്, ഡോ. ശ്രീജിത്ത് എന്നിവരുടെ നിർദ്ദേശ പ്രകാരം ചികിത്സയ്ക്കായി ശ്രീറാമിന്റെ രക്തമെടുക്കാൻ നഴ്‌സിനോട് നിർദ്ദേശിച്ചപ്പോൾ ശ്രീറാം ഇതിന് സമ്മതിച്ചില്ല. നഴ്‌സ് കേസ് ഷീറ്റിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നത് വരെ രക്തം ശേഖരിക്കുന്നത് മനഃപൂർവ്വം

 

വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു. ശ്രീറാം മദ്യപിച്ചതായി അറിഞ്ഞിട്ടും കാർ ശ്രീറാമിന് കൈമാറുകയും വേഗതയിൽ ഓടിക്കാൻ അനുവദിച്ചതിനുമാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്. അതായത് കേസിലെ പ്രധാന സാക്ഷികളെല്ലാം ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ്. അതുകൊണ്ട് കൂടിയാണ് ആരോഗ്യ വകുപ്പിലെ ശ്രീറാമിന്റെ നിയമനം വിവാദമാകുന്നത്.

 

 

ശ്രീറാമിന് എതിരെ തെളിവില്ലെന്നും ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നൽകിയ ശുപാർശ പരിഗണിച്ചാണു സർക്കാർ തിരിച്ചെടുത്തത്. അപ്പോഴും ആരോഗ്യ വകുപ്പ് തന്നെ നൽകിയത് സാക്ഷികളെ സ്വാധീനിക്കാനാണെന്നാണ് ഉയരുന്ന ആക്ഷേപം. ബഷീർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് തെളിവ് നശിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചതായി കുറ്റപത്രം പറയുന്നു.

 

അപകടം സംഭവിച്ച സമയം മുതൽ താൻ ചെയ്ത കുറ്റങ്ങൾ മറച്ചുവെക്കാൻ ശ്രീറാം ശ്രമിച്ചെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണിത്.