കാര്‍ഷിക സംസ്‌കൃതി വിളിച്ചോതി തിരികെയെത്തുന്ന നാട്ടുചന്ത: ആവേശമായി നദീ പുനർ സംയോജന പദ്ധതി
സ്വന്തം ലേഖകൻ
കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ടൂറിസം കേന്ദ്രങ്ങളായ കടവോരം വിശ്രമകേന്ദ്രത്തിൻ്റെയും, പടിയറക്കടവ് ഉല്ലാസതീരം ജനകീയ സമിതിയുടെയും, പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തോടെ പാതിയപ്പള്ളി കടവിലുള്ള കടവോരത്തിൽ നാട്ട്ചന്ത ആരംഭിക്കുകയാണ്. ഫെബ്രുവരി 10 രാവിലെ 10:30 നു പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ഇ.ആർ സുനിൽകുമാർ നാട്ടുചന്തയുടെ ഉദ്ഘാടനം നിർവഹിക്കും. കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ പദ്ധതി വിശദികരിക്കും.
സമ്പന്നമായ നമ്മുടെ കാര്‍ഷിക പാരമ്പര്യത്തില്‍ വലിയ സ്ഥാനമാണ് നാട്ടുചന്തകള്‍ക്ക് ഉണ്ടായിരുന്നത്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഓരോ ദേശത്തും ഒരു പ്രത്യേക ദിവസം നാട്ടുചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നു. പഴങ്ങളും പച്ചക്കറികളും വിത്തുകളും എന്നു വേണ്ട പശുക്കളും കോഴികളും പുഴമീനുകളും അടക്കം ഈ നാട്ടുചന്തകളിലൂടെ മനുഷ്യര്‍ കൈമാറി പോന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ലോകം മാറി തുടങ്ങിയതോടെ നാട്ടുചന്തകളും വിസ്മൃതിയിലേക്ക് മടങ്ങി. വയലുകളും ജലാശയങ്ങളും മണ്ണിട്ട് നിരത്തി വന്‍കിടമാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും കൂണുപോലെ പൊങ്ങാന്‍ തുടങ്ങിയതോടെ നാട്ടുചന്തകള്‍ ഇല്ലാതായി. എന്നാല്‍ കര്‍ഷകന്റെ അധ്വാനത്തിന് വില നല്‍കിയിരുന്ന നാട്ടുചന്ത മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയിലൂടെ പനച്ചിക്കാട്ടെ കടവോരം സായ്ഹാന വിശ്രമ കേന്ദ്രത്തിൽ പുനരാരംഭിക്കുകയാണ്.
നാടൻ പുഴമീനും, പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത നാടന്‍ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, നാടന്‍ പച്ചക്കറികള്‍, ഇല വര്‍ഗ്ഗങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വിപണത്തിനുമായാണ് നാട്ടുചന്ത പ്രവര്‍ത്തിക്കുന്നത്. ആദിവാസി മേഖലകളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനും, വാങ്ങാനും സൗകര്യമൊരുക്കുക എന്നതാണ് നാട്ടുചന്തയുടെ ലക്ഷ്യം.
ഉൽപ്പന്നങ്ങൾ കൈവശമുള്ള കർഷകർക്ക് എല്ലാ ദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ നാട്ടുചന്തയിലൂടെ നേരിട്ട് വിപണനം നടത്താം. കടവോരം പ്രസിഡൻ്റ് പി.കെ ജോൺ, സെക്രട്ടറി മാത്യു ആൻഡ്രൂസ്, ട്രഷറർ പ്രദീപ് മാത്യു, ഉല്ലാസ തീരം സെക്രട്ടറി വി.എസ് തോമസ്, ലാലു കോച്ചേരിൽ, അനിയൻകുഞ്ഞ് പാലമൂട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.