ഞാൻ സി.ഐയാണ്.., നിനക്ക് വേണമെങ്കിൽ പഴം വീട്ടിൽ വാങ്ങിക്കൊണ്ട് തരാം ; പുതുപുത്തൻ കാറിൽ പഴം വാങ്ങാൻ പോയ യുവാവിനെ കണക്കിന് ശ്വാസിച്ച് പൊലീസ് ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ
കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച് പാരിപ്പള്ളിയിൽ യുവാവ് പഴം വാങ്ങാൻ ഇറങ്ങിയ കാർ പൊലീസ് പിടിച്ചെടുത്തു. ഒരു കിലോ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്ന് കാറുടമ പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് ആത് ചെവിക്കൊണ്ടില്ല. തുടർന്ന് യുവാവിൽ നിന്ന് പൊലീസ് കാർ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.
പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവ് കാറുമായി പാരിപ്പള്ളി സിഐയുടെ മുന്നിൽപ്പെട്ടത്. എവിടെ പോകുന്നുവെന്ന് പൊലീസ് ചോദിച്ചപ്പോൾ പഴം വാങ്ങാൻ പോകുന്നുവെന്നായിരുന്നു യുവാവ് മറുപടി നൽകിയത്. എത്രകിലോ പഴം വേണം എന്നായി പൊലീസ്. എത്ര കിലോ പഴം വേണമെന്ന് അറിയിച്ചാൽ വാങ്ങി വീട്ടിലെത്തിക്കാമെന്ന് സിഐ മറുപടി നൽകി. എന്നാൽ മരുന്നും വാങ്ങാനുണ്ടെന്നായി പിന്നീട് യുവാവ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”ഞാൻ പാരിപ്പള്ളി സിഐയാണ്. എന്റെ മൊബൈൽ നമ്പർ തരാം. മരുന്നും പഴവും വാങ്ങണമെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാൽ മതി. അതിന് വണ്ടിയും കൊണ്ടിറങ്ങേണ്ട”യെന്ന് സി ഐ യുവാവിനോട് പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങാൻ യുവാവിനോട് ആവശ്യപ്പെട്ടിട്ടും ആദ്യം അയാൾ തയ്യാറായില്ല. ഒടുവിൽ അൽപം ബലപ്രോയഗത്തിലൂടെ യുവാവിനെ കാറിൽ നിന്ന് പുറത്തിറക്കുകയായിരുന്നു.
ഇതിനിടെ കാർ തന്റെ അച്ഛൻ കഷ്ടപ്പെട്ട് വാങ്ങിച്ചതാണെന്നും ഇനി ആവർത്തിക്കില്ലെന്നും യുവാവ് കരഞ്ഞ് അപേക്ഷിക്കുന്നതും കാണാം. പൊലീസ് വാഹനത്തിൽ ഇരുന്ന് കരയുന്ന യുവാവിനോട് ‘നിന്നെ തൂക്കിക്കൊല്ലാൻ കൊണ്ടുപോവുകയല്ല. നിനക്ക് എന്തിനെയാണ് പേടി. നിയമവ്യവസ്ഥയെ പേടിയുണ്ടെങ്കിൽ നീ ഇന്നിറങ്ങുമോ’ എന്നും സിഐ ചോദിക്കുന്നതും വീഡിയോയിൽ കാണാം.
അതേസമയം, യുവാവിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശകർ ഏറെയാണ്. എന്നാൽ, പൊലീസിന്റെ നടപടി അൽപം അതിരുകടന്നില്ലേ എന്നു ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.