play-sharp-fill
കൊറോണ വൈറസ് ബാധ: രാജ്യം മുഴുവൻ അടച്ചിടാൻ പ്രധാനമന്ത്രി; രാജ്യം മുഴുവൻ ലോക് ഡൗൺ; ഒരാൾ പോലും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്….! കർശനടപടിയ്ക്കു നിർദേശം

കൊറോണ വൈറസ് ബാധ: രാജ്യം മുഴുവൻ അടച്ചിടാൻ പ്രധാനമന്ത്രി; രാജ്യം മുഴുവൻ ലോക് ഡൗൺ; ഒരാൾ പോലും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്….! കർശനടപടിയ്ക്കു നിർദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ അടച്ചിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. മാധ്യമങ്ങൾക്കു മുന്നിൽ എത്തി രാജ്യത്തെ അഭിസംബോധന ചെയ്തശേഷമാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. അടുത്ത 21 ദിവസത്തേയ്ക്കാണ് രാജ്യം മുഴുവൻ അടച്ചിടാൻ പ്രധാനമന്ത്രി അ്ഹ്വാനം ചെയ്തിരിക്കുന്നത്. ഒരാൾ പോലും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഹ്വാനം ചെയ്തു.

ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ രാജ്യത്തെ സമ്പൂർണ ലോക്ഡൗൺ നിലവിൽ വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പരീക്ഷണ ഘട്ടത്തിൽ രാജ്യത്തെ എല്ലാവരും ഒന്നിച്ചു നിന്നു. ജനത കർഫ്യൂ വൻ വിജയമായിരുന്നു. കൊറോണ തടയാനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കലാണ്. ജനതാ കർഫ്യൂവിലൂടെ ജനം ഉത്തരവാദിത്വം കാട്ടി. ജനങ്ങൾക്ക് നന്ദി. രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ രക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. നടപടികൾ സ്വീകരിച്ചിട്ടും രാജ്യത്ത് കൊറോണ പടരുകയാണ്. ഈ സാഹചര്യത്തിൽ വീടിനുള്ളിൽ അടച്ചിരിക്കുകയല്ലാതെ രോഗത്തെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മാർഗമില്ല. ഇറ്റലിയാണെങ്കിലും അമേരിക്കയാണെങ്കിലും രോഗം പ്രതിരോധിക്കാൻ നിലവിൽ പരാജയപ്പെട്ട സാഹചര്യമാണ് ഉള്ളത്.

അടുത്ത 21 ദിവസം രാജ്യത്ത് രോഗവ്യാപനം തടയുന്നതിൽ ഏറെ നിർണ്ണായകമാണ്. ഈ സാഹചര്യത്തിൽ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ പരമാവധി സഹകരിക്കുകയാണ് വേണ്ടത്. രാജ്യത്തെ ജനങ്ങൾ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ രാജ്യത്തെ ഭരണാധികാരികളുമായി സഹകരിക്കുകയാണ് വേണ്ടത്. ഇത് പ്രധാനമന്ത്രിയ്ക്കും ബാധകമാണ്. ചിലരുടെ ശ്രദ്ധക്കുറവ് രാജ്യത്തെ വൻ അപകടത്തിലേയ്ക്കു തള്ളിവിടും. ഈ സാഹചര്യത്തിൽ വീടിനുള്ളിൽ തന്നെ അടച്ചിരിക്കുകയും, സോഷ്യൽ ഡിസ്റ്റൻസിങ്ങും മാത്രമാണ് മാർഗം. പ്രധാനമന്ത്രി മുതൽ ഗ്രാമീണൻ വരെയുള്ള ആളുകൾക്കും ഇത് ബാധകമാണ്. വീടിന്റെ ലക്ഷ്മണരേഖ കടന്ന് ആരും പുറത്തിറങ്ങരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നിങ്ങളുടെ വീടിന്റെ വാതിലാണ് നിങ്ങളുടെ അതിർത്തി എന്നു മനസിലാക്കുക. നിങ്ങൾ രാജ്യത്ത് എവിടെയാണോ അവിടെ തന്നെ തങ്ങുകയാണ് വേണ്ടത്. സമ്പൂർണ അടച്ചിടൽ അനിവാര്യമായി വന്നിരിക്കുകയാണ്. കോവിഡിനെ തടയാൻ മറ്റു വഴികൾ നിലവിലില്ല. മൂന്ന് ആഴ്ച രാജ്യം പൂർണമായും അടച്ചിടും. ആശുപത്രികളിൽ മാത്രമാണ് ജോലികളുള്ളത്. രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടിയാണ് ഇത് പറയുന്നത്. നിങ്ങളെ രക്ഷിക്കാൻ നിങ്ങളുടെ കുടുംബത്തെ രക്ഷിക്കാനാണ് കഠിനമായ നടപടികൾ ആവശ്യമായി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ജീവനാണ് ഏറ്റവും വലുത്. ഈ സാഹചര്യത്തിൽ അടച്ചിടലല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും നിലവിലില്ല. ഇന്ന് രാത്രി പന്ത്രണ്ട് മണി മുതൽ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. ഇത് രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം മാത്രം കരുതി പറയുന്നതാണ്. രോഗം രാജ്യം മുഴുവൻ വ്യാപിച്ചാൽ, നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. ഈ സാഹചര്യത്തിൽ അച്ചടക്കത്തോടെ കർശന നടപടികൾ മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള മാർഗമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.