ഇത് ആരു ചെയ്താലും ശുദ്ധ തെമ്മാടിത്തരമാണ്..! കൊറോണക്കാലമാണ് കരുതൽ വേണ്ടതാണ്; ടിബി റോഡിൽ സ്ഥാപിച്ച കൈകഴുകൽ കേന്ദ്രം നശിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: നാട് മഹാമാരിയ്‌ക്കെതിരെ ഒന്നിച്ചു നിൽക്കുന്ന കാലത്ത്, പ്രളയത്തിനു ശേഷമുണ്ടായ വലിയ ദുരന്തത്തെ ഒന്നിച്ച് പ്രതിരോധിക്കുമ്പോൾ, നാടിനെ നടുക്കുന്ന തെമ്മാടിത്തരവുമായി ചിലർ. പ്രതിസന്ധിക്കാലത്തും നാടിനു വേണ്ടി ഒറ്റക്കെട്ടായി നിന്ന് വ്യാപാരികൾ സ്ഥാപിച്ച കൈകഴുകൽ കേന്ദ്രം തച്ചു തകർത്താണ് സാമൂഹ്യ വിരുദ്ധ സംഘം രംഗത്ത് എത്തിയിരിക്കുന്നത്. ടിബി റോഡ് മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സാധനങ്ങളാണ് സാമൂഹ്യ വിരുദ്ധ സംഘം അടിച്ചു തകർത്തിരിക്കുന്നത്.
കൊറോണയുടെ വ്യാപനം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് രോഗ പ്രതിരോധം എന്ന ലക്ഷ്യത്തോടെ ടിബി റോഡിലെ വ്യാപാരികൾ സേട്ട് ജുമാ മസ്ജിദിനു മുന്നിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചത്. വെയിലേറ്റ് വാടിയെത്തുന്ന യാത്രക്കാർക്ക് തണലേകാൻ ഫുട്പാത്തിൽ കുടയും, കൈ കഴുകാൻ ഹാൻഡ് സാനിറ്റൈസറും, വാഷ് ബേസിനോടു കൂടി വെള്ളവുമാണ് ഇവിടെ ക്രമീകരിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രിയിൽ വരെ ഇവിടെ ഇവ ക്രമീകരിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ വ്യാപാരികൾ നോക്കിയപ്പോഴാണ് ഇവിടെ സ്ഥാപിച്ചിരുന്ന കുട സാമൂഹ്യ വിരുദ്ധർ തകർത്തതായി കണ്ടെത്തിയത്. തുടർന്നു ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സംഘമാകാം അക്രമത്തിന് പിന്നിലെന്നാണ് സൂചന.