play-sharp-fill
നാട്ടുകാരുടെ നട്ടെല്ലൊടിഞ്ഞാലും, ആളുകൾ മരിച്ചാലും വേണ്ടില്ല സർക്കാരിന് കാശുമാത്രം മതി; നിയമലംഘനം കണ്ടെത്തിയിട്ടും കറുകച്ചാലിലെ ബിവറേജിന്റെ രണ്ടാം നിലയ്ക്ക് പ്രവർത്താനാനുമതി നൽകാനൊരുങ്ങുന്നു; അപകടങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനും ബിവറേജസ് കോർപ്പറേഷന് പുല്ലുവില

നാട്ടുകാരുടെ നട്ടെല്ലൊടിഞ്ഞാലും, ആളുകൾ മരിച്ചാലും വേണ്ടില്ല സർക്കാരിന് കാശുമാത്രം മതി; നിയമലംഘനം കണ്ടെത്തിയിട്ടും കറുകച്ചാലിലെ ബിവറേജിന്റെ രണ്ടാം നിലയ്ക്ക് പ്രവർത്താനാനുമതി നൽകാനൊരുങ്ങുന്നു; അപകടങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനും ബിവറേജസ് കോർപ്പറേഷന് പുല്ലുവില

സ്വന്തം ലേഖകൻ

കോട്ടയം: കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ വാഹനാപകട ഭീഷണി ഉയർത്തിയും, മദ്യം വാങ്ങാൻ എത്തുന്നവർക്ക് ജീവന് വരെ ഭീഷണിയായും രണ്ടാം നിലയിൽ നിർമ്മിച്ചിരിക്കുന്ന സെൽഫ് സർവീസ് കൗണ്ടറിനു പ്രവർത്തനാനുമതി നൽകാൻ ഒരുങ്ങുന്നു. തീരെ ബലം കുറഞ്ഞ കമ്പിയിൽ, അനധികൃതമായി നിർമ്മിച്ച സ്റ്റെയർക്കേസിലൂടെയാണ് ഈ രണ്ടാം നിലയിലേയ്ക്കു പ്രവേശിക്കേണ്ടത്. ഈ സ്റ്റെയർക്കേസിന് ബലക്ഷയമുണ്ടെന്നും, ഇത് അനധികൃതമായാണ് നിർമ്മിച്ചത് എന്നു കണ്ടെത്തിയിട്ടും സർക്കാരിന്റെ വകുപ്പായതുകൊണ്ടു മാത്രം അനുവാദം നൽകാതെ നടപടികൾ ഇല്ലാതാക്കാനുള്ള സമ്മർദം ശക്തമാകുകയാണ്.

അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് സർവീസ് കൗണ്ടർ രണ്ടാം നിലയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപന ശാലയാകുമ്പോൾ പ്രതിദിനം ആയിരങ്ങളാണ് ഇവിടെ എത്തുന്നത്. കൊറോണക്കാലത്ത് പോലും ബിവറേജിൽ മദ്യം വാങ്ങാൻ എത്തുന്ന ആളുകളുടെ മേൽ സർക്കാരിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ ബലമില്ലാത്ത കമ്പി നാട്ടി കറുകച്ചാലിലെ ബിവറേജസിന്റെ രണ്ടാം നിലയിലേയ്ക്കു പ്രവേശനത്തിനായി സ്റ്റെയർകേസ് സ്ഥാപിച്ചിരിക്കുന്നത് അപകട ഭീഷണിയാണ്. ഒരു സമയം നൂറ് കണക്കിന് ആളുകൾ ഈ സ്റ്റെയർക്കേസിലൂടെ രണ്ടാം നിലയിലെ ബിവറേജിന്റെ കൗണ്ടറിലേയ്ക്കു കയറിയാൽ സ്വാഭാവികമായും അപകടം ഉണ്ടാകും. ഈ സ്റ്റെയർക്കേസിൽ ആളുകൾ നിൽക്കുമ്പോൾ ഇത് ഒടിഞ്ഞു വീണാൽ കാത്തിരിക്കുന്നത് വൻ ദുരന്തമാകും. കാലൊടിയുന്നതും, കയ്യൊടിയുന്നതും കൂടാതെ മദ്യപിച്ച് ലക്കില്ലാതെ നിൽക്കുന്ന ആരെങ്കിലും വീണാൽ മരണം വരെ സംഭവിക്കാം.

എന്നാൽ, ഈ സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയാണ് അനധികൃതമായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയുടെ സെൽഫ് സർവീസ് കൗണ്ടറിന് അനുമതി നൽകിയിരിക്കുന്നത്. കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന് വൈലേഷൻ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നൂറുകണക്കിന് നാട്ടുകാരാണ് ഇത്തരത്തിൽ അനധികൃതമായി നിർമ്മിച്ച സെൽഫ് സർവീസ് കൗണ്ടറിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇവരെല്ലാം പഞ്ചായത്തിൽ പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ, ചട്ടവും നിയമവും ലംഘിച്ചു നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് സർക്കാരിന്റെ തന്നെ ഒരു വകുപ്പിന്റെ സ്ഥാപനമായതിനാൽ നടപടിയെടുക്കാൻ പഞ്ചായത്തും മടിയ്ക്കുകയാണ്. സർക്കാരിൽ നിന്നുള്ള സമ്മർദമാണ് ഇപ്പോൾ ഇതിനു കാരണം.

ഇത് കൂടാതെയാണ് ഇപ്പോൾ തന്നെ അപകട മേഖലയായ സെൻട്രൽ ജംഗ്ഷനിൽ ബിവറേജസ് ഷോപ്പ് ഭാവിയിൽ ഉണ്ടാക്കാനിടയുള്ള അപകടങ്ങൾ. അടുത്തിടെ പ്രദേശത്ത് മാത്രം രണ്ടു പേരാണ് വിവിധ അപകടങ്ങളിലായി മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് സർവീസ് കൗണ്ടർ ഇവിടെ പ്രവർത്തനം ആരംഭിച്ചാൽ തിരക്കും ക്രമാതീതമായി വർദ്ധിക്കും. പഞ്ചായത്ത് ഓഫിസ്, ആശുപത്രി, ട്രഷറി, കെ.എസ്.ഇബി എന്നിവിടങ്ങളിലേയ്ക്കുള്ള ഏക വഴിയാണ് ഇത്. ഇവിടെയാണ് ഇപ്പോൾ ബിവറേജസ് കോർപ്പറേഷന്റെ സെൽഫ് സർവീസ് കൗണ്ടർ കൂടി വരുന്നത്.

നിലവിലെ സാഹചര്യത്തിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്ന രീതിയിലാണ് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല പ്രവർത്തിക്കുന്നത്. ഇത് കൂടാതെ സെൽഫ് സർവീസ് കൗണ്ടർ കൂടി പ്രവർത്തനം ആരംഭിക്കുന്നത് ജനജീവിതം ദുരിത പൂർണമാക്കും. ഈ സാഹചര്യത്തിൽ സെൽഫ് സർവീസ് കൗണ്ടർ തിരക്ക് കുറഞ്ഞ മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റി പ്രവർത്തനം ആരംഭിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുന്നതിനാണ് നാട്ടുകാർ ഒരുങ്ങുന്നത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.