ശീമാട്ടി മാർച്ച് 31 വരെ അടച്ചു: ഭീതി പടർത്തി നാഗമ്പടം റിലയൻസിൽ സാധനങ്ങൾ വാങ്ങാൻ വൻ തിരക്ക്; ആശങ്ക വേണ്ടെന്നും കരുതൽ മാത്രം മതിയെന്നും സർക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: ലോകം ഭയന്നിരിക്കുന്ന കൊറോണയെ നിയന്ത്രിക്കുന്നതിനുള്ള സർക്കാർ നിർദേശം അനുസരിച്ച് കോട്ടയം, എറണാകുളം ഷോറൂമുകൾ ശീമാട്ടി അടച്ചു. കോട്ടയം നഗരത്തിലെ ഇരുപതോളം ഹോട്ടലുകളും, മാൾ ഓഫ് ജോയിയും അടച്ചതിനു പിന്നാലെയാണ് ഇപ്പോൾ ശീമാട്ടിയും അടച്ചിട്ടിരിക്കുന്നത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയെ കരുതി സർക്കാർ നിർദേശം പാലിച്ചാണ് ഇപ്പോൾ സ്ഥാപനം അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ശീമാട്ടി എം.ഡിയും സി.ഇ.ഒയുമായ ബീനാ കണ്ണൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
കഴിഞ്ഞ ആഴ്ച മൂന്നു ദിവസം അടച്ചിട്ടിരുന്ന മാൾ ഓഫ് ജോയി തിങ്കളാഴ്ച തുറന്നതിന് ശേഷം വീണ്ടും അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടയം നഗരത്തിലെ ഇരുപതോളം ഹോട്ടലുകൾ അടച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണ്ണാടകയിൽ നിന്നും കേരളത്തിലേയ്ക്കുള്ള അതിർത്തികൾ അടയ്ക്കും എന്ന വ്യാജപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടായതോടെ, കടകളിലും സ്ഥാപനങ്ങളിലും സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തിരക്കായി. കഴിഞ്ഞ ഒരാഴ്ചയായി കാര്യമായ തിരക്കില്ലാതിരുന്നതിനെ തുടർന്നു അടയ്ക്കാൻ ഒരുങ്ങിയ നാഗമ്പടത്തെ റിലയൻസ് ഷോറൂമിൽ വെള്ളിയാഴ്ച വൻ തിരക്കായിരുന്നു.
ആശങ്കവേണ്ട കരുതൽ മതി എന്നു സർക്കാരും വിവിധ സന്നദ്ധ സംഘടനകളും ആവർത്തിക്കുമ്പോഴാണ് ഇപ്പോൾ നാട്ടുകാർ ആശങ്കയുമായി നെട്ടോട്ടം ഓടുന്നത്. തെറ്റായ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതാണ് ഇപ്പോൾ ഇത്തരത്തിൽ ആളുകളുടെ ആശങ്ക വർദ്ധിക്കുന്നതിനു കാരണം.