
കൊറോണയെ തുരത്താൻ കച്ചകെട്ടി കേന്ദ്രസർക്കാർ : യു.കെ അടക്കമുള്ള രാജ്യങ്ങളിലുള്ളവർക്ക് വിലക്ക് ; താജ്മഹൽ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം തടയാൻ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിനായി യു.കെ അടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ ഫ്രീ ട്രേഡ് അസോസിയേഷൻ, തുർക്കി,യു.കെ. എന്നിവിടങ്ങളിൽനിന്നുമുള്ളവർക്കാണ് ഇന്ത്യയിലേക്ക് വരുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് 31വരെയാണ് വിലക്ക്.അതേസമയം തിങ്കളാഴ്ച മാത്രം കേരളത്തിൽ മൂന്നുപേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മലപ്പുറം. കാസർകോഡ് ജില്ലകളിലാണ് പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചത്. ഒഡീഷ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.യു.കെ അടക്കമുള്ള സകല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും വിമാനത്തിൽ എത്തുന്ന ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് ഒഴിവ് കിട്ടിയേക്കും. എന്നാൽ ഒസിസിഐ കാർഡിന്റേയോ നിലവിലുള്ള വിസയുടേയോ അടിസ്ഥാനത്തിൽ വിദേശികളായവർ എത്താൻ ശ്രമിച്ചാൽ എയർപോർട്ടിൽ നിന്നും മടങ്ങി പോവേണ്ടി വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ കൊറോണ വ്യാപനം തടയാൻ ആർക്കിയോളജിക്കൽ സർവേയ്ക്കു കീഴിലുള്ള മുഴുവൻ സ്മാരകങ്ങളും മ്യൂസിയങ്ങളും 31 വരെ അടച്ചിടും. ആൻഡമാൻ ദ്വീപുകളിലേക്കുള്ള ടൂറിസം താൽക്കാലികമായി റദ്ദാക്കി. ഒഡീഷയിലേക്ക് എത്തുന്ന മുഴുവൻ വിദേശികൾക്കും ഇതര സംസ്ഥാനക്കാരും സംസ്ഥാനത്തേക്കുള്ള വരവ് രജിസ്റ്റർ ചെയ്യണം. ഇവർക്കു രണ്ടാഴ്ചത്തെ ക്വാറന്റൈൻ കർശനമാക്കിയ സർക്കാർ, വിദേശികൾക്ക് 15,000 രൂപ ഇൻസെന്റീവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വ്യാപനം തടയാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ
1. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സ്കൂളുകൾ, സർവ്വകലാശാലകൾ തുടങ്ങി), ജിമ്മുകൾ, മ്യൂസിയങ്ങൾ, സാംസ്കാരികസാമൂഹിക കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, തിയേറ്ററുകൾ എന്നിവ അടയ്ക്കണം. വിദ്യാർത്ഥികൾ വീടുകളിൽ തന്നെ കഴിയണം. ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം.
2. പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. വിദ്യാർത്ഥികൾക്കിടയിൽ ഒരു മീറ്ററിന്റെ ദൂരം ഉറപ്പാക്കിയതിനുശേഷം മാത്രമേ നിലവിലുള്ള പരീക്ഷകൾ നടത്താവൂ.
3. സാധ്യമാകുന്നിടത്തെല്ലാം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നതിന് സ്വകാര്യമേഖലയിലെ സ്ഥാപങ്ങളെയും തൊഴിലുടമകളെയും പ്രോത്സാഹിപ്പിക്കണം.
4. സാധ്യമാകുന്നിടത്തോളം മീറ്റിംഗുകൾ വീഡിയോ കോൺഫറൻസിലൂടെ നടത്തുക.ധാരാളം ആളുകൾ പങ്കെടുക്കുന്ന മീറ്റിംഗുകൾ കുറയ്ക്കണം. അല്ലെങ്കിൽ മാറ്റിവെയ്ക്കുക. റസ്റ്റോറന്റുകളിൽ ഹാൻഡ് വാഷിങ് പ്രോട്ടോക്കോൾ ഉറപ്പാക്കുക. സ്ഥിരമായി സ്പർശിക്കുന്ന ഇടങ്ങൾ വ്യത്തിയായി സൂക്ഷിക്കുക. ടേബിളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക. തുറന്ന സ്ഥലങ്ങളിൽ പറ്റുമെങ്കിൽ ഇരിപ്പടങ്ങൾ ക്രമീകരിക്കുക.
5. വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുക. അത്യാവശ്യമല്ലാത്ത എല്ലാ സമൂഹികസാംസ്കാരിക പരിപാടികളും മാറ്റിവെയ്ക്കുക.
6. വലിയ ജനക്കൂട്ടം ഒത്തുചേരുന്നു കായിക മത്സരങ്ങളുടെ സംഘാടകരുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംസാരിക്കുകയും അത്തരം പരിപാടികൾ മാറ്റിവെയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്യണം.
7. വ്യാപാര സംഘടനകൾ വിൽപ്പന സമയം ക്രമീകരിക്കുകയും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ പ്രദർശിപ്പിക്കുകയും വേണം. മാർക്കറ്റുകൾ, ബസ് സ്റ്റോപ്, റെയിൽവേ സ്റ്റേഷൻസ പോസ്റ്റ് ഓഫീസ് തുടങ്ങിയവയിൽ കൃത്യമായ ആശയവിനിമയം നടത്തണം.
8. അനിവാര്യമാല്ലാത്ത യാത്രകൾ ഒഴിവാക്കണം. ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ തുടങ്ങിയ പൊതുഗതാഗതത്തിൽ സാമൂഹിക അകലം വർദ്ധിപ്പിക്കണം. ഇതിന് പുറമേ ഉപരിതലങ്ങൾ അണുനാശീകരണം നടത്തണം.
9. ആശുപത്രികൾ കോവിഡ് 19 മായി ബന്ധപ്പെട്ട പ്രോട്ടോകോൾ പാലിക്കണം. ആശുപത്രി സന്ദർശനം നിയന്ത്രിക്കണം.
10. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കുക.